ഭീകരരുടെ വെടിയേറ്റു മരിച്ചുവീണ മുത്തച്ഛന്റെ ദേഹത്തിരുന്നു കരയുകയായിരുന്ന മൂന്നുവയസ്സുകാരനെ സുരക്ഷാസേന രക്ഷിച്ചു

വടക്കന്‍ കശ്മീരില്‍ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഇന്നലെ രാവിലെ പട്രോളിങ്ങിലുള്ള സിആര്‍പിഎഫ് പൊലീസ് സംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഒരു സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു. 2 ജവാന്മാര്‍ക്കു പരുക്കുമുണ്ട്.
രാവിലെ ഏഴരയോടെ സംഭവം നടക്കുമ്പോള്‍ കൊച്ചുമകന്‍ അയാദ് ജഹാംഗീറിനൊപ്പം കാറില്‍ പോകുകയായിരുന്ന ശ്രീനഗര്‍ സ്വദേശി ബഷീര്‍ അഹമ്മദ് (64) വണ്ടി നിര്‍ത്തി കുട്ടിയെ എടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റുവീണു. ഭീകരരുടെ വെടിയേറ്റു മരിച്ചുവീണ മുത്തച്ഛന്റെ ദേഹത്തിരുന്ന് 3 വയസ്സുകാരന്‍ വാവിട്ടുകയാന്‍ തുടങ്ങി.
ഉടന്‍ വാഹനങ്ങള്‍ നിരത്തിയിട്ട് കുട്ടിക്കു വെടിയേല്‍ക്കാതിരിക്കാന്‍ സേനാംഗങ്ങള്‍ സുരക്ഷാ കവചമൊരുക്കി. ഭീകരരുടെ കണ്ണില്‍പ്പെടാതെ കുട്ടിയുടെ സമീപമെത്തിയ സേനാംഗം അവനെ വിളിച്ചു. ഇതിനിടെ ഭീകരര്‍ വീണ്ടും വെടിവച്ചു. വെടിയുണ്ടകള്‍ വകവയ്ക്കാതെ റോഡിലേക്കിറങ്ങിയ മറ്റൊരു സേനാംഗം കുട്ടിയെ തോളിലെടുത്തു സുരക്ഷിത സ്ഥാനത്തേക്കു കുതിച്ചു. ഏറ്റുമുട്ടല്‍ ഒരു മണിക്കൂര്‍ നീണ്ടെങ്കിലും ഭീകരര്‍ കടന്നുകളഞ്ഞു. കുട്ടിയെ സേനാ വാഹനത്തില്‍ വീട്ടിലെത്തിച്ചു.

കഴിഞ്ഞ 26-ന് അനന്ത്‌നാഗില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു അഞ്ചു വയസ്സുകാരനു ജീവന്‍ നഷ്ടമായിരുന്നു.
https://www.facebook.com/Malayalivartha






















