കുല്‍ഭൂഷണ്‍ ജാദവ് പുനഃപരിശോധനാഹര്‍ജി നല്‍കുന്നില്ലെന്ന് പാക്കിസ്ഥാന്‍, പാക്ക് നിലപാട് പ്രഹസനമാണെന്ന് ഇന്ത്യ

പാക്കിസ്ഥാനിലെ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവ് അപ്പീല്‍ സമര്‍പ്പിക്കാന്‍ വിസമ്മതിച്ചുവെന്ന് പാക്കിസ്ഥാന്‍. ഇക്കാര്യം നിഷേധിച്ച ഇന്ത്യ, പാക്ക് നിലപാട് പ്രഹസനമാണെന്നു പ്രതികരിച്ചു.
ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റം ചുമത്തി പാക്കിസ്ഥാനിലെ പട്ടാളക്കോടതി വിധിച്ച ശിക്ഷയില്‍ പുനഃപരിശോധന വേണമെന്ന് രാജ്യാന്തര നീതിന്യായ കോടതി വിധിച്ചിരുന്നു. ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ കഴിഞ്ഞ മാസം അവസരം അനുവദിച്ചിട്ടും ജാദവ് തയാറായില്ലെന്നാണ് പാക്കിസ്ഥാന്‍ അഡീഷനല്‍ അറ്റോര്‍ണി ജനറല്‍ അഹമ്മദ് ഇര്‍ഫാന്‍ പറയുന്നത്.
പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിനു പകരം പരിഗണനയിലുള്ള ദയാഹര്‍ജിയുമായി മുന്നോട്ടു പോകാനാണ് ജാദവ് തീരുമാനിച്ചതെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു. ജാദവിന് ഹര്‍ജി നല്‍കാന്‍ 90 ദിവസം അനുവദിച്ചിരുന്നു. ഈ മാസം 19-നാണ് സമയം അവസാനിക്കുന്നതെന്നും ഇര്‍ഫാന്‍ പറഞ്ഞു.
എന്നാല്‍ പാക്കിസ്ഥാന്‍ ജാദവിനെ ഹര്‍ജി കൊടുക്കാന്‍ അനുവദിച്ചിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. നിരന്തരം ആവശ്യപ്പെട്ടിട്ടും ജാദവുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി. 2016-ലാണ് മുന്‍ നാവികസേനാ ഓഫിസറായ ജാദവ് പാക്കിസ്ഥാനില്‍ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha


























