കാണ്‍പുര്‍ ഏറ്റുമുട്ടലിലെ മുഖ്യപ്രതിയും കുറ്റവാളിയുമായ വികാസ് ദുബെ അറസ്റ്റില്‍... മധ്യപ്രദേശിലെ ഉജ്ജയിനില്‍ വെച്ചാണ് അറസ്റ്റിലായത്
കാണ്‍പുര്‍ ഏറ്റുമുട്ടലിലെ മുഖ്യപ്രതിയും കുറ്റവാളിയുമായ വികാസ് ദുബെ അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിനില്‍ വെച്ചാണ് അറസ്റ്റിലായത്. ഇയാളുടെ രണ്ട് കൂട്ടാളികള്‍ കൂടി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ബൗവ ദുബെ, പ്രഭാത് മിശ്ര എന്നിവരാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. ഇറ്റാവയില്‍ വെച്ച് ഉത്തര്‍പ്രദേശ് പൊലീസിന്റെയും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെയും സംയുക്ത സംഘവുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ബൗവ ദുബെ വെടിയേറ്റ് മരിച്ചത്.ഈ മാസം മൂന്നിന് കാണ്‍പൂരിലെ ബിക്രുവിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വികാസ് ദുബെയോടൊപ്പം ഉണ്ടായിരുന്നയാളാണ് ബൗവ ദുബെ. ഇയാളുടെ തലക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കാണ്‍പൂരിനടുത്ത് വെച്ചു നടന്ന ഏറ്റുമുട്ടലിലാണ് പ്രഭാത് മിശ്ര കൊല്ലപ്പെട്ടത്. ഇയാളെ ഹരിയാന പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പ്രഭാത് മിശ്രയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടുപോകുംവഴിയാണ് ഏറ്റുമുട്ടലുണ്ടായത്. വഴിമധ്യേ പ്രാങ്കിയില് വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പഞ്ചറായി. ഇതിനിടെ പ്രഭാത് മിശ്ര ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കൈത്തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ത്ത് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) ഉദ്യോഗസ്ഥര്‍ സ്വയം പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി പ്രതിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രഭാത് മിശ്ര പിന്നീട് മരിക്കുകയുമായിരുന്നുവെന്നാണ് വിവരം.
https://www.facebook.com/Malayalivartha