വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു; ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞ് തീയിട്ടു

സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാളിൽ വൻ പ്രതിഷേധം. സമരാനുകൂലികൾ കൊൽക്കത്തയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 31ൽ വാഹനങ്ങൾ തടഞ്ഞ് തീയിട്ടു.
കൊൽക്കത്തയിൽ നിന്ന് 500 കിലോമീറ്റർ അകലെ ചോപ്രായിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. അതേസമയം ഞായറാഴ്ച ഉച്ചക്ക് ശേഷം ആരംഭിച്ച പ്രതിഷേധത്തിനിടെ മൂന്നു ബസുകളും ഒരു പൊലീസ് വാഹനവും പ്രദേശവാസികൾ അഗ്നിക്കിരയാക്കിയിരുന്നു.
പത്താംക്ലാസ് വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരയുന്നതിനിടെ മരക്കൊമ്പിൽ കെട്ടിത്തൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. പ്രദേശത്തുനിന്ന് രണ്ടു സൈക്കിളും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇവ പൊലീസിന് കൈമാറി. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നത് മൂലമാണെന്നും ശരീരത്തിൽ മുറിവുകളോ മറ്റു പാടുകളോ ഇല്ലെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















