ഇന്‍ഡിഗോ പിരിച്ചു വിടുന്നത് 2400 ജീവനക്കാരെ; കോവിഡ് പ്രതിസന്ധി നട്ടംതിരിയുന്ന ഏവിയേഷന്‍ മേഖല; ദിവസേന ജോലി നഷ്ടമാകുന്നത് ആയിരക്കണക്കിന് ആളുകള്‍ക്ക്; പൈലറ്റുമാര്‍ക്കുപോലും ശമ്പളം ലഭിക്കുന്നില്ല

കോവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ് രാജ്യത്തെ ഏവിയേഷന്‍ മേഖല. ഇതിനോടകം തന്നെ നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഇതിനുപുറമേ ജോലിയോ ശമ്പളമോ ലഭിക്കാത്ത നിരവധി പേരുമുണ്ട്. ഇതിനിടെയാണ് രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ തങ്ങളുടെ ജീവനക്കാരില്‍ 10 ശതമാനം പേരെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്. വരുമാനത്തില്‍ വന്‍തോതിലുള്ള ഇടിവ് സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പിരിച്ചുവിടല്‍. നിലവില്‍ 24,000 ജീവനക്കാരാണ് ഇന്‍ഡിഗോയിലുള്ളത്. അതായത് 2400 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.
തങ്ങളുടെ ചെലവുകളില്‍ 400 കോടി രൂപയുടെ ചുരുക്കല്‍ വരുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കമ്പനി കഴിഞ്ഞമാസം തന്നെ വിശദീകരിച്ചിരുന്നു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ യാത്രാ വിലക്കുകളാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഈ പ്രതിസന്ധിക്കിടയിലൂടെ നടത്തിക്കൊണ്ടു പോകണമെങ്കില്‍ ഇത്തരം ചില നടപടികള്‍ അത്യാവശ്യമായിരിക്കുകയാണെന്ന് ഇന്‍ഡിഗോ സിഇഒ റോണോജോയ് ദത്ത പറയുന്നു. മാര്‍ച്ച് മാസം മുതല്‍ പ്രഖ്യാപിക്കപ്പെട്ട പലതരം യാത്രാനിയന്ത്രണങ്ങളാണ് വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇപ്പോഴും പൂര്‍ണമായ തോതില്‍ ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കോവിഡ് രോഗം അതിഭീകരമാം വിധം രാജ്യത്ത് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യവുമുണ്ട്. രാജ്യത്തെ വ്യോമയാന ബിസിനസ്സിന്റെ 48.9 ശതമാനവും കൈയാളുന്നത് ഇന്‍ഡിഗോയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരികയുമാണ്.
ഇതിന് പുറമേ നിരവധി ഏവിയേഷന്‍ കമ്പനികള്‍ ജീവനക്കാരെ പരിച്ചു വിട്ടിരുന്നു. വിസ്താരയും, ഖത്തര്‍ ഏര്‍വേഴ്‌സും എന്തിന് എത്തിഹാത് പോലും ജീവനക്കാരെ പിരിച്ചു വിട്ടു. ഇതിന് പുറമേ പൈലറ്റുമാരുടെത് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പളത്തിലും വിവിധ എയര്‍ലൈനുകള്‍ കുറവ് വരുത്തിയിരുന്നു. ഇതിനെതിരെ പൈലറ്റുമാര്‍ പ്രതിഷേധിച്ചെങ്കിലും അതൊന്നും പ്രതിസന്ധി കാലത്ത് വിലപോയില്ല.
https://www.facebook.com/Malayalivartha






















