പ്രത്യക്ഷ നികുതി വകുപ്പ് പരിധിയില്‍ കവിഞ്ഞുള്ള സ്വര്‍ണത്തിന് രേഖ നിര്‍ബന്ധമാക്കുന്നു

വരുമാനത്തില്‍ കവിഞ്ഞുള്ള സ്വര്‍ണ നിക്ഷേപം ഉള്ളവരെയും ബില്ല് ഇല്ലാതെ പരിധിയിലധികം സ്വര്‍ണം കൈവശം വയ്ക്കുന്നവരെയും കൈയോടെ പിടികൂടാന്‍ കര്‍ശന നടപടിയുമായി പ്രത്യക്ഷ നികുതി വകുപ്പ്. പുതിയ മാര്‍ഗരേഖ രൂപീകരിക്കുന്നത് വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തെപ്പറ്റിയും വിപണനത്തെപ്പറ്റിയും 2016-ല്‍ രൂപീകരിച്ച വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കികൊണ്ടാണ്.
രാജ്യത്ത് വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധിയില്ല. ഒരാളുടെ സാമ്പത്തിക ശേഷിക്ക് അനുസൃതമായി എത്രവേണമെങ്കിലും സ്വര്‍ണം സ്വന്തമായി സൂക്ഷിക്കാം. എന്നാല്‍, ഇതിന് വ്യക്തമായ സ്രോതസും രേഖകളും കൈവശം ഉണ്ടായിരിക്കണമെന്നുമാത്രം. രേഖകള്‍ ഇല്ലാതെ കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധിയുണ്ട്. അനധികൃത സ്വര്‍ണകടത്തുകാര്‍ക്കും ആഡംബര പ്രിയര്‍ക്കും കൂച്ചുവിലങ്ങിടുന്ന നിയമം വൈകാതെ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.
വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം (62.5 പവന്‍) സ്വര്‍ണം വരെയും അവിവാഹിതയായ സ്ത്രീക്ക് ഇതിന്റെ പകതിയും കൈവശം വയ്ക്കാം. പുരുഷനാണെങ്കില്‍ നൂറു ഗ്രാം സ്വര്‍ണം മാത്രമെ അനുവദിക്കൂ. അധിക സ്വര്‍ണമുണ്ടെങ്കില്‍ അതിന്റെ രേഖ ആദായ നികുതിവകുപ്പിനെ കാണിക്കേണ്ടിവരും.
സ്വര്‍ണം വാങ്ങിയതിന്റെ ബില്ലാണ് ഇതില്‍ പ്രധാനം. ബില്ല് ഇല്ലാതെ നികുതി വെട്ടിപ്പ് നടത്തി സ്വര്‍ണം വാങ്ങുന്നവര്‍ പടിക്കപ്പെട്ടാല്‍ വ്യാപാര സ്ഥാപന ഉടമയും അകത്താകും. എന്നാല്‍, ഒരാളുടെ വരുമാനത്തില്‍ കവിഞ്ഞ സ്വര്‍ണമാണ് വാങ്ങിയതെങ്കില്‍ ആസ്തി തെളിയിക്കുന്ന രേഖ ഹാജരാക്കണം. പാരമ്പര്യമായി ലഭിച്ചതാണെങ്കില്‍ അനന്തരാവകാശ രേഖ ഹാജരാക്കേണ്ടിവരും. സമ്മാനമായി ലഭിച്ചതാണെങ്കില്‍ ഗിഫ്റ്റ് ഡീഡ് കാട്ടണം. ഇല്ലെങ്കില്‍ അധിക സ്വര്‍ണം ആദായ നികുതി വകുപ്പിന് പടിച്ചെടുക്കാം.
കൈവശമുള്ള, രേഖകള്‍ ഇല്ലാത്ത അധിക സ്വര്‍ണം സംരക്ഷിക്കണമെങ്കില്‍ ഇനി ആദായ നികുതി റിട്ടേണ്‍ നല്‍കുമ്പോള്‍ ഫിക്സഡ് അസറ്റ് ഷെഡ്യൂള്‍ വിഭാഗത്തില്‍ മറ്റ് ആസ്തികള്‍ക്കൊപ്പം കൈവശമുള്ള സ്വര്‍ണത്തിന്റെ തൂക്കവും വ്യക്തമാക്കണം. കസ്റ്റംസ് നികുതി അടയ്ക്കാതെ പ്രവാസി സ്ത്രീകള്‍ക്ക് ഇപ്പോള്‍ ഒരു ലക്ഷം രൂപാ മൂല്യമുള്ള സ്വര്‍ണം കൊണ്ടുവരാന്‍ വ്യവസ്ഥയുണ്ട്. പുരുഷന്മാര്‍ക്ക് അമ്പതിനായിരം രൂപയുടെ സ്വര്‍ണം മാത്രമെ കൊണ്ടുവരാന്‍ കഴിയു. അളവില്‍ കൂടുതല്‍ സ്വര്‍ണം കൊണ്ടുവന്നാല്‍ 11% കസ്റ്റംസ് നികുതി അടയ്ക്കണം.
ഇപ്പോള്‍ നികുതി ഇളവ് ഇല്ലാതെ ഒരു കിലോ സ്വര്‍ണം വരെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ കഴിയും. ആറുമാസത്തില്‍ കുറഞ്ഞ കാലയളവില്‍ വിദേശത്ത് തങ്ങിയവര്‍ക്ക് സ്വര്‍ണം കൊണ്ടുവരാന്‍ വ്യവസ്ഥ ഉണ്ടെങ്കിലും അതിന് 38.50% നികുതി ഒടുക്കേണ്ടിവരും. വടക്കേ ഇന്ത്യയില്‍ നിന്നും മാര്‍വാഡികള്‍ കേരളത്തിലെ ജൂവലറികളിലേക്ക് സ്വര്‍ണം എത്തിക്കുന്നുണ്ട്. ഇവ വിറ്റതിന് ശേഷം പണം നല്‍കിയാല്‍ മതിയെന്നതിനാല്‍ പല സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളിലും വാങ്ങിയ സ്വര്‍ണ്ണത്തിന് ബില്ല് കാണില്ല. ഇത്തരക്കാര്‍ക്കെതിരെയും നടപടി ഉണ്ടാകും.
ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോഗമുള്ള നാടാണ്. പ്രതിവര്‍ഷം 800-850 ടണ്ണാണ് ഉപഭോഗമെന്ന് കണക്ക്. എന്നാല്‍, ഉത്പാദനം 1000-1500 കിലോ മാത്രം. ബാക്കി സ്വര്‍ണം അനധികൃതമായി ഇറക്കുമതി ചെയ്യുന്നതാണെന്ന് ഉറപ്പ്. അതിനാല്‍ ഇനിയുള്ള കാലം സ്വര്‍ണ നിക്ഷേപകരുടെ പിറകില്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ കൂടുതല്‍ ജാഗ്രതയോടെ ഉണ്ടാകും. പുതിയ വ്യവസ്ഥ വൈകാതെ പ്രാബല്യത്തില്‍ വരും.
https://www.facebook.com/Malayalivartha






















