വെള്ളം ചോദിച്ച് വീട്ടിലെത്തി നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം... രണ്ടംഗസംഘത്തെ നേരിട്ട് കുട്ടിയെ രക്ഷിച്ച് അമ്മ , പ്രതികളെ രക്ഷപ്പെടാന്‍ അുവദിക്കാതെ ബൈക്ക് പിടിച്ചുവച്ചു, ഒടുവില്‍....
വെള്ളം ചോദിച്ച് വീട്ടിലെത്തിയ രണ്ടംഗസംഘം നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. അവരില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി അമ്മ. ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടിനുള്ളില്‍ നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ഇവരെ ധീരമായി നേരിട്ട് അമ്മ തന്റെ മകളെ രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച കിഴക്കന്‍ ഡല്‍ഹിക്ക് സമീപമായിരുന്നു സംഭവം നടന്നത്.
ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ വീട്ടിലെത്തി വെള്ളം ചോദിച്ച സംഘം അമ്മയുടെ ശ്രദ്ധ മാറിയ ഉടന്‍ കുട്ടിയെ ബലമായി പിടിച്ച് ബൈക്കില്‍ കയറ്റി. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട അമ്മ അതിവേഗം രണ്ടംഗ സംഘത്തെ നേരിട്ട് കുട്ടിയെ ബൈക്കില്‍ നിന്ന് വലിച്ച് താഴെയിറക്കി. ഇവരെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ബൈക്ക് പിടിച്ചുവയ്ക്കുകയും ചെയ്തു. ഇതിനിടെ ശബ്ദം കേട്ട് ആളുകള്‍ കൂടിയതോടെ പരിഭ്രാന്തിയിലായ സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ സമയോചിതമായി ഇടപെട്ട അയല്‍വാസിയുടെ ഭാഗത്തുനിന്നും ഈ സംഘത്തെ പിടികൂടാനുള്ള ശ്രമം നടന്നു. ഇടുങ്ങിയ റോഡില്‍ തന്റെ സ്കൂട്ടര്‍ തിരിച്ചുവെച്ച് വഴി തടസപ്പെടുത്തിയ അയല്‍വാസി സംഘത്തിലെ ഒരാളെ ബൈക്കില്‍ നിന്ന് തള്ളിതാഴെയിട്ടു.
പിന്നാലെയെത്തിയ രണ്ടാമനെയും കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ രണ്ട് പേരും ഓടി രക്ഷപ്പെട്ടു. ഇതിന്റെയെല്ലാം സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.രക്ഷപ്പെടുന്നതിനിടെ രണ്ടംഗ സംഘം ഉപേക്ഷിച്ചു പോയ ബൈക്ക്, ബാഗ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ട് പ്രതികളെയും പോലീസ് പിടികൂടി. ഇവരുടെ ബാഗില്‍ നിന്ന് തോക്കും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന് പിന്നില്‍ കുട്ടിയുടെ ഇളയച്ഛന് തന്നെയാണെന്നാണ് പോലീസ് പറയുന്നത്. വസ്ത്രവ്യാപാരിയാണ് കുട്ടിയുടെ അച്ഛന്. ഇദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ അസൂയതോന്നിയ സഹോദരന് ഏര്പെടുത്തിയതു പ്രകാരമാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയെ വിട്ടുകിട്ടാന്‍ 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാന്‍ ലക്ഷ്യമിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha