ഡോക്ടറുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിതീരും... മൂന്ന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്ക് ഒടുവില്‍ ദാരുണാന്ത്യം
കര്‍ണാടകയില്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന ഡോക്ടര്‍ക്ക് ദാരുണാന്ത്യം. മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടി എത്തിയെങ്കിലും ഇവര്‍ ചികിത്സ നല്കാന് തയ്യാറായില്ല. രാമനഗര ജില്ലയിലെ കനകപുര താലൂക്കില്‍ ചിക്കമുദവാഡി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ എസ്.ടി മഞ്ജുനാഥിനാണ് ചികിത്സ നിഷേധിച്ചത്. പിന്നീട് ബംഗളൂരു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും ഇദ്ദേഹം മരിച്ചു. കടുത്ത പനിയും ശ്വാസംമുട്ടലും മൂലമാണു മഞ്ജുനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. ഡോക്ടര്‍ ആയിട്ടുപോലും മൂന്ന് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നല്‍കിയില്ല. കൊവിഡ് പരിശോധനാഫലം ഇല്ലെന്നതു ചൂണ്ടിക്കാട്ടിയാണ് ചികിത്സ നിഷേധിച്ചത്.
പിന്നീട് മഞ്ജുനാഥിന്റെ കുടുംബത്തില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയായ ദന്ത ഡോക്ടര്‍, 14 വയസുള്ള മകന് എന്നിവരും ഇതിലുള്‍പ്പെടുന്നു.
ജൂണ്‍ 25നാണ് മഞ്ജുനാഥിനെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതും ആശുപത്രിയുടെ പ്രവേശനകവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇടയ്ക്ക് നില മെച്ചപ്പെട്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ ജൂലായ് 9ന് ബംഗളൂരു മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മഞ്ജുനാഥിന്റെ ശ്വാസകോശം വികസിക്കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ 'പ്രോണ പൊസിഷനില്‍' കിടത്തേണ്ടത് അത്യാവശ്യമായിരുന്നു. ഇതിനായി ഫിസിയോ തെറപ്പിസ്റ്റിന്റെ സേവനം തേടി. എന്നാല്‍ പി.പി.ഇ കിറ്റ് ധരിക്കാനോ കൊവിഡ് ഐ.സി.യുവില്‍ പ്രവേശിക്കാനോ ഫിസിയോ തെറാപ്പിസ്റ്റ് തയാറായില്ല. തുടര്‍ന്ന് സ്വകാര്യ തെറാപ്പിസ്റ്റിന്റെ സേവനം തേടുകയായിരുന്നു. അദ്ദേഹം വരാന്‍ സമ്മതിച്ചുവെങ്കിലും തുടര്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ കാലതാമസം നേരിടുകയായിരുന്നു.
https://www.facebook.com/Malayalivartha