ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് 'വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍' പുണെയില്‍, അമ്മയില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് കോവിഡ്

മഹാരാഷ്ട്രയിലെ പുണെയില്‍ 'വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍' എന്നു വിളിക്കപ്പെടുന്ന രോഗ വ്യാപനം നടന്നു. അമ്മയില്‍നിന്ന് പ്ലാസെന്റയിലൂടെ കുഞ്ഞിലേക്ക് കൊറോണ വൈറസ് എത്തിപ്പെടുകയായിരുന്നു.
'സാധാരണഗതിയില്‍ കുഞ്ഞ് ജനിച്ച ശേഷം മുലയൂട്ടുന്നതിലൂടെയും കുഞ്ഞുമായി അടുത്തിടപഴകുന്നതിലൂടെയും മറ്റുമാണ് അമ്മയ്ക്ക് രോഗമുണ്ടെങ്കില്‍ കുഞ്ഞിന് രോഗം പകരുക. അതായത്, ജനിക്കുമ്പോള്‍ കുഞ്ഞിന് കോവിഡ് ഉണ്ടായിരിക്കില്ല. പിന്നീട് മൂന്ന് നാലു ദിവസങ്ങള്‍ക്കുശേഷമാണ് രോഗം വരിക' - പുണെയിലെ സസ്സൂണ്‍ ജനറല്‍ ആശുപത്രിയിലെ പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. ആരതി കിനികര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.
യുവതിക്ക് പ്രസവത്തിന് ഒരാഴ്ച മുന്‍പ് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവ് എന്നാണ് കണ്ടത്. പിന്നീട് കുഞ്ഞ് ജനിച്ചതിനുശേഷം നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റേത് പോസിറ്റീവ് എന്നു വരികയായിരുന്നു. ഇതേത്തുടര്‍ന്ന് കുഞ്ഞിനെ പ്രത്യേക വാര്‍ഡിലാണ് പരിചരിച്ചത്.
ജനിച്ച് രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുശേഷം കുഞ്ഞിന് കടുത്ത പനിയും സൈറ്റോകൈന്‍ സ്റ്റോമിന്റെ ലക്ഷണങ്ങളും കണ്ടതിനാല്‍ രണ്ടാഴ്ച ഐസിയുവില്‍ കിടത്തേണ്ടി വന്നു. മൂന്നാഴ്ചയ്ക്കുശേഷം ഇരുവരുടെയും രക്തപരിശോധന നടത്തിയപ്പോള്‍ ആന്റിബോഡി കണ്ടെത്തിയിരുന്നു. അമ്മയ്ക്ക് വര്‍ധിച്ച അളവിലും കുഞ്ഞിന് കുറഞ്ഞ അളവിലുമാണ് ആന്റിബോഡികള്‍ കണ്ടെത്തിയത്. ഇപ്പോള്‍ എല്ലാം ഭേദമായി. അമ്മയും കുഞ്ഞും ഡിസ്ചാര്‍ജ് ആയെന്നും ഡോ. കിനികര്‍ പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷനാണ് ഇതെന്ന് ആശുപത്രി ഡീന്‍ ഡോ. മുരളീധര്‍ താംബെ അറിയിച്ചു.ഇക്കാര്യങ്ങള്‍ ഉടന്‍തന്നെ ഒരു രാജ്യാന്തര ജേണലില്‍ പ്രസിദ്ധീകരിക്കും.
കോവിഡിനെതിരെ വേണ്ടത് കരുതലും ജാഗ്രതയും: അത്യാവശ്യത്തിനു മാത്രം വീടിനു പുറത്തിറങ്ങാം. പൊതുവിടങ്ങളില്‍ രണ്ടു മീറ്ററെങ്കിലും അകലം പാലിക്കാം, മാസ്‌കും കൈ കഴുകലും ശീലമാക്കാം, മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം. ആരോഗ്യസംബന്ധമായ സഹായങ്ങള്‍ക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ദിശ ടോള്‍ ഫ്രീ നമ്പര്‍ 1056 ല്‍ ബന്ധപ്പെടാം.
https://www.facebook.com/Malayalivartha
























