ടിപ്പുവിനെയും നബിയേയും യേശുവിനേയും ഭരണഘടനയേയും പാഠപുസ്തകങ്ങളിൽ നിന്നും വെട്ടിമാറ്റി കർണാടക സർക്കാർ

ടിപ്പുവിനെയും നബിയേയും യേശുവിനേയും ഭരണഘടനയേയും പാഠപുസ്തകങ്ങളിൽ നിന്നൊഴിവാക്കി സിലബസ് വെട്ടിക്കുറച്ച് കർണാടക സർക്കാർ. കോവിഡ് പശ്ചാത്തലത്തില്‍ അധ്യയന ദിവസങ്ങള്‍ കുറയുന്നതിന്റെ പേരിലാണ് സിലബസ് പരിഷ്കാരം. അതേസമയം സിലബസ് പരിഷ്കാരത്തിന്റെ മറവിൽ ബിജെപി സർക്കാര്‍ വര്‍ഗീയ അജണ്ട നടപ്പാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പാഠഭാഗങ്ങളിൽ നിന്ന് ടിപ്പുവിന്റെ ചരിത്രം ഒഴിവാക്കാൻ ബി ജെ പി സർക്കാർ മനഃപൂർവ്വം ശ്രമിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനു മുൻപും ടിപ്പുവിന്റെ ചരിത്രം ഒഴിവാക്കാനുള്ള നീക്കം നടത്തിയിരുന്നു. ബി.ജെ.പി നേതാക്കളുടെ ആവശ്യത്തെതുടർന്ന് പാഠഭാഗങ്ങളിൽനിന്ന് ടിപ്പുവിനെ ഒഴിവാക്കുന്നതിന് 2019 ഡിസംബറിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ആവശ്യം തള്ളിയിരുന്നു.
ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ അഞ്ചാം അധ്യായത്തിലെയും പത്താം ക്ലാസിലെ അഞ്ചാം അധ്യായത്തിലെയും മൈസൂരുവിന്റെ ചരിത്രത്തെക്കുറിച്ചും ഹൈദരാലിയെക്കുറിച്ചും ടിപ്പു സുൽത്താനെക്കുറിച്ചും വിശദീകരിക്കുന്ന ഭാഗങ്ങളാണ് ഒഴിവാക്കിയത്.
ഏഴാം ക്ലാസിലെ ഭരണഘടനയെക്കുറിച്ചുള്ള ഭാഗം, ആറാം ക്ലാസിലെ യേശു ക്രിസ്തുവിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും കുറിച്ചുള്ള ഭാഗം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്.
ഇവരെക്കുറിച്ച് ഒമ്പതാം ക്ലാസിൽ വീണ്ടും പഠിക്കാനുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഒഴിവാക്കിയത്. എന്നാൽ, പാഠ്യഭാഗങ്ങൾ വെട്ടിമാറ്റുന്നത് അശാസ്ത്രീയമാണെന്നും അധ്യയനവർഷം മേയിലേക്ക് നീട്ടുകയാണ് വേണ്ടതെന്ന അഭിപ്രായവും ഇതിനോടകം ഉയർന്നിട്ടുണ്ട്
https://www.facebook.com/Malayalivartha

























