ഉത്തരേന്ത്യ പ്രളയത്തിനു നടുവില്‍ ; ഉത്തരാഖണ്ഡില്‍ മാത്രം 150 മരണം ; അയ്യായിരത്തോളം പേരെ കാണാതായി

കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ വ്യാപക നാശം. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വന്‍ വില നല്‍കേണ്ടി വന്നത്. ഉത്തരാഖണ്ഡില്‍ മാത്രം ഇതുവരെ 150 പേര്‍ മരിച്ചതായാണ് ഔദ്യോഗികമായ വിവരം. അയ്യായിരത്തോളം പേരെ കാണാനില്ല. നിരവധി ജനങ്ങള്‍ പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്.
പ്രമുഖ ശിവക്ഷേത്രമായ കേദാര്‍നാഥ് പൂര്‍ണമായും വെള്ളത്തിനടിയില്‍ മുങ്ങിപ്പോയി. ക്ഷേത്രത്തിനു കേടുപാടില്ല.എന്നാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളെല്ലാം മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുകയോ തകരുകയോ ചെയ്‌തു. ക്ഷേത്രപരിസരം ചെളിയും പാറക്കല്ലുകളും മൂടിക്കിടക്കുകയാണ്.
അതേസമയം വിവിധ സംസ്ഥാനങ്ങള്‍ ഉത്തരാഖണ്ഡിനു ധനസഹായം പ്രഖ്യാപിച്ചു. മഹാരാഷ്‌ട്ര സര്‍ക്കാര്‍ 10 കോടി രൂപയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 25 കോടിയും ഗുജറാത്ത് രണ്ടുകോടിയും നല്‍കും. ഹിമാചല്‍പ്രദേശിലെ ആദിവാസി ജില്ലയായ കിനാവൂരില്‍ മഞ്ഞുവീഴ്‌ചയുള്ളതിനാല്‍ ദൂരദര്‍ശന്‍ സംഘത്തിലെ മാധ്യമപ്രവര്‍ത്തകരും 25 വിദേശികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുകയാണ്. ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ യമുനാനദി കവിഞ്ഞൊഴുകിയതിനാല്‍ ഇന്ദിരാനഗര്‍, മെവ്‌ലിപുര്‍ വില്ലേജുകളിലെ 350 കുടുംബങ്ങളെ ഇന്നലെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിച്ചു. ശ്രദ്ധ, ഖാഗ്ര നദികള്‍ കരകവിഞ്ഞതോടെ ഉത്തര്‍പ്രദേശിലെ മിര്‍ജാപുരില്‍ ഒറ്റപ്പെട്ടുപോയ 150 കുടുംബങ്ങളെ ഇന്നലെ സൈനിക ഹെലികോപ്‌റ്ററില്‍ രക്ഷപ്പെടുത്തി.
ഇതിനിടെ ഡല്‍ഹിക്കു സമീപം യമുനാനദി കരകവിയുന്ന നിലയിലായി. അപകടരേഖയ്‌ക്കു രണ്ടു മീറ്റര്‍ മുകളിലാണ് ഇപ്പോള്‍ നദിയുടെ ഒഴുക്ക്. ഡല്‍ഹിയിലും നോയിഡയിലുമായി ആയിരക്കണക്കിനു പേരെ ഒഴിപ്പിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍നിന്ന് ആള്‍ക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1962നു ശേഷം യമുനയിലുണ്ടാകുന്ന ഏറ്റവും വലിയ പ്രളയമാണിതെന്നു കരുതപ്പെടുന്നു.
ഉത്തരാഖണ്ഡിന് 1,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് അനുവദിച്ചതായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും ഹെലികോപ്‌റ്ററിലിരുന്നു നിരീക്ഷിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ പ്രധാനമ ന്ത്രിയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.
https://www.facebook.com/Malayalivartha