വ്യാജ ഏറ്റുമുട്ടല്‍ മോഡിയുടെ അറിവോടെയെന്ന് സി.ബി.ഐ

ഇസ്രത്ത് ജഹാന്‍ പ്രാണേഷ് കുമാര്‍ എന്നിവരെ വ്യാജ ഏറ്റുമുട്ടല്‍ വഴി വധിക്കുമെന്ന കാര്യം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് നേരത്തെ അറിയാമായിരുന്നെന്ന് സി.ബി.ഐ. കേസിലെ മുഖ്യപ്രതിയും മുന്‍ ഡി.ഐ.ജിയുമായ വന്‍സാര ഇക്കാര്യം മോഡിയുടെ വസതിയിലേക്ക് വിളിച്ചറിയിച്ചതായാണ് സി.ബി.ഐ കണ്ടെത്തിയത്. ഏറ്റുമുട്ടലിന് 14 മണിക്കൂര്‍ മുമ്പാണ് വന്‍സാര ഇക്കാര്യം മോഡിയെ അറിയിച്ചതെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
2004 ജൂണ്‍ 15നാണ് മുംബൈ സ്വദേശിനി ഇസ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഷേഖ് എന്ന പ്രാണേഷ് കുമാര്‍ അംജദ് അക്‌ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെ ലഷ്‌കര്‍ ഭീകരരെന്നു മുദ്രകുത്തി അഹമ്മദാബാദിലെ ഗാന്ധിനഗറില്‍ ഗുജറാത്ത് പോലീസ് വെടിവച്ചു കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടല്‍ നടത്തിയത്.
ഗുജറാത്ത് ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഏറ്റുമുട്ടല്‍ വ്യാജമാണെന്നു കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ടു ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയിലെ പോലീസ് സൂപ്രണ്ടായിരുന്ന ജി.എല്‍. സിംഘലിനെ പോലീസ് അറസ്റ്റ് ചെയ്‌തപ്പോള്‍ പോലീസും സര്‍ക്കാരും തന്നെ രക്ഷിക്കാന്‍ ഒന്നും ചെയ്‌തില്ലെന്നു രാജിക്കത്തില്‍ സിംഘല്‍ വ്യക്തമാക്കിയിരുന്നു.
മുംബൈയിലെ ഗുരുനാനാക് ഖല്‍സ കോളജിലെ വിദ്യാര്‍ഥിനിയായ ഇസ്രതും പ്രാണേഷും മൂന്നു ദിവസം മുമ്പും സഹീന്‍ 48 ദിവസം മുമ്പും അംജദ് അലി 14 ദിവസം മുമ്പും പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് സ്‌പെഷല്‍ ഡയറക്ടര്‍ രാജേന്ദ്ര കുമാര്‍ ഇവരെ ചോദ്യംചെയ്‌തിരുന്നു. പ്രാണേഷിന് ഇന്റലിജന്‍സ് ബ്യൂറോയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടര്‍ രാജേന്ദ്രകുമാര്‍ ഫോണിലൂടെ നിര്‍ദേശിച്ച പ്രകാരമാണു പ്രാണേഷ് നാസിക്കില്‍ എത്തിയതെന്നും സി.ബി.ഐ കണ്ടെത്തി. നാസിക്കില്‍ എത്തുന്നതിനുമുമ്പ് എത്തുന്ന വാഹനത്തിന്റെ വിവരങ്ങള്‍ പ്രാണേഷ് രാജേന്ദ്ര കുമാറിനെ അറിയിച്ചിരുന്നു. ഈ വിവരങ്ങളാണ് രാജേന്ദ്രകുമാര്‍ ഗുജറാത്ത് പോലീസിനു കൈമാറിയത്.
രാജേന്ദ്രകുമാറിനെതിരേ കൊലപാതകത്തിനും ഗൂഢാലോചനയ്‌ക്കും കേസെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടേതെന്നു ഗുജറാത്ത് പോലീസ് പറഞ്ഞ ആയുധങ്ങള്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തെത്തിച്ചതു രാജേന്ദ്രകുമാറാണെന്നു സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ രണ്ടിനു സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ഇക്കാര്യങ്ങള്‍ തെളിവുകള്‍ സഹിതം ഹാജരാക്കും. എന്നാല്‍, സി.ബി.ഐയുടെ ഈ കണ്ടെത്തലുകള്‍ ബി.ജെ.പി തള്ളിക്കളഞ്ഞു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് വന്‍ വിവാദമാകാനാണ് സാധ്യത. റിപ്പോര്‍ട്ട് ബി.ജെ.പി തള്ളിക്കളഞ്ഞു.
https://www.facebook.com/Malayalivartha