ബോധ്‌ഗയയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ അറസ്‌റ്റില്‍; വന്‍ നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ബീഹാറിലെ ബോധ്‌ഗയയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇയാളെ പോലീസ് ചോദ്യം ചെയ്‌തുവരികയാണ്. അറസ്റ്റിലായ ആളുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഞായറാഴ്‌ച പുലര്‍ച്ചെ 5:30 നും 5:58 നും ഇടയില്‍ ക്ഷേത്രത്തിന് പരിസരത്തായി ഒന്‍പത് സ്‌ഫോടനങ്ങളാണ് നടന്നത്. രണ്ട് ബുദ്ധസന്യാസിമാര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. പരിക്കേറ്റ സന്യാസിമാരില്‍ ഒരാള്‍ മ്യാന്‍മറുകാരനാണ്. രണ്ടാമത്തെയാള്‍ ടിബറ്റ് വംശജനും. ഇരുവരെയും മഗധയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം തീവ്രവാദി ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം തുടങ്ങി.
സ്‌ഫോടനങ്ങളില്‍ നാലെണ്ണം മഹാബോധി ക്ഷേത്രസമുച്ചയത്തിനുള്ളിലായിരുന്നു. ക്ഷേത്രത്തിനു കേടുപാടില്ല. ആസൂത്രിതമായി നടത്തിയ സ്‌ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനാണെന്നു സംശയിക്കുന്നു. ബിഹാര്‍ തലസ്ഥമായ പാറ്റ്‌നയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണു മഹാബോധിക്ഷേത്രം. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രം കൂടിയാണ് പ്രദേശം. 52 രാജ്യങ്ങളില്‍ നിന്നുള്ള ബുദ്ധസന്യാസിമാരുടെ മഠങ്ങള്‍ ബുദ്ധഗയയിലുണ്ട്.
സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യത്തെ എല്ലാ ബുദ്ധമത ആരാധനാലയങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതേസമയം രാജ്യത്തെ എട്ട് നഗരങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, പൂനൈ എന്നീ നഗരങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha