മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർപി സിംഗിന്റെ പിതാവ് കൊവിഡ് ബാധിച്ച് അന്തരിച്ചു...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർപി സിംഗിൻ്റെ പിതാവ് ശിവ പ്രസാദ് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ആർപി സിംഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നും എല്ലാവരും പിതാവിനു വേണ്ടി പ്രാർത്ഥിക്കണമെന്നും ആർപി സിംഗ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറി ച്ചു. പ്രഗ്യാൻ ഓജ, സുരേഷ് റെയ്ന, ഹെർഷൽ ഗിബ്സ് തുടങ്ങിയ താരങ്ങൾ ആർപി സിംഗിൻ്റെ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പീയുഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാർ ചൗളയും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 60 വയസ്സായിരുന്നു.
കൊവിഡ് ബാധിതനായതിനു ശേഷം പ്രമോദ് കുമാർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇതേതുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹം മരണപ്പെട്ടത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പീയുഷ് ചൗളയാണ് ഇക്കാര്യം അറിയിച്ചത്.
രാജസ്ഥാൻ റോയൽസ് താരം ചേതൻ സക്കരിയയുടെ പിതാവ് കഞ്ജിഭായ് സക്കരിയയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഗുജറാത്തിലെ ഒരു ആശുപത്രിയിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഐപിഎലിൽ ഈ സീസണിൻ്റെ കണ്ടെത്തലായ ചേതൻ കഴിഞ്ഞ ദിവസം ഐപിഎൽ തൻ്റെ ജീവിതത്തെ മാറ്റിമറിച്ചു എന്ന് വ്യക്തമാക്കിയിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് ചേതന് സ്വന്തം സഹോദരനെയും നഷ്ടമായിരുന്നു.
https://www.facebook.com/Malayalivartha


























