കൊവിഡ് ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ അതിജീവിക്കും; ടൗട്ടെ, യാസ് ചുഴലിക്കാറ്റുകള്‍ വിതച്ച ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ പ്രശംസിച്ച് പ്രധാനമന്ത്രി; ബിജെപി സര്‍ക്കാര്‍ 7 വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസത്തിലെ മന്‍ കി ബാത്ത്

കൊവിഡിനൊപ്പം രാജ്യം ചുഴലിക്കാറ്റുകള്‍ വിതച്ച ദുരിതങ്ങളും നേരിടുകയാണ്. ഈ ദുരന്തങ്ങള്‍ എല്ലാം അതിജീവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്‍ കി ബാത്തില്‍. രാജ്യത്തു കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ച ടൗട്ടെ, യാസ് ചുഴലിക്കാറ്റുകള്‍ വിതച്ച ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ പ്രധാനമന്ത്രി പ്രശംസിച്ചു. മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ 7 വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസമാണ് ഈ മന്‍ കി ബാത്ത് എന്നതു പ്രത്യേകതയും ഉണ്ട്.
കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരങ്ങള്‍ രണ്ടു ചുഴലിക്കാറ്റുകള്‍ക്കു സാക്ഷിയായി. ചുഴലിക്കാറ്റുകള്‍ കാരണം ദുരന്തമുണ്ടായവരുടെ ഒപ്പമാണു തന്റെ മനസ്സെന്നും മോദി പറഞ്ഞു. ഈ 7 വര്‍ഷങ്ങളില്‍ നമ്മള്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. കൊവിഡ് കാരണം വളരെയധികം ആളുകളെ നഷ്ടപ്പെട്ടു. ആദ്യ തരംഗത്തില്‍ നമ്മള്‍ ധൈര്യത്തോടെ പോരാടി. അതുപോലെ, ഈ തരംഗത്തെയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തു റെക്കോര്‍ഡ് ഭക്ഷ്യ ഉല്‍പാദനമുള്ളതിനാല്‍ ഓരോ പൗരനും പിന്തുണ നല്‍കാന്‍ കഴിയുന്നു. 80 കോടി ദരിദ്രര്‍ക്കു സൗജന്യ റേഷന്‍ നല്‍കുന്നുണ്ട്. പുതിയ ക്രമീകരണങ്ങള്‍ ഉപയോഗിച്ചു കര്‍ഷകര്‍ പല മേഖലകളിലും അദ്ഭുതങ്ങള്‍ കാണിക്കുന്നു. കോവിഡ് കാലഘട്ടത്തില്‍ രാജ്യത്തിന്റെ വിശപ്പ് മാറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ച കഠിനാധ്വാനികളായ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍. കോവിഡ് മഹാമാരിയിലും കര്‍ഷകര്‍ റെക്കോര്‍ഡ് ഉല്‍പാദനമാണു നടത്തിയതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
കൊവിഡിന്റെ തുടക്കത്തില്‍, ദിവസം നൂറുകണക്കിന് ടെസ്റ്റുകള്‍ നടത്താന്‍ മാത്രമെ കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ ദിവസം 20 ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തുന്നു. ഇതുവരെ 33 കോടിയിലധികം സാംപിളുകള്‍ പരിശോധിച്ചു.
സാധാരണ സമയങ്ങളില്‍ ഇന്ത്യ ഒരു ദിവസം 900 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഇത് 10 മടങ്ങ് വര്‍ധിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോദി മന്‍ കി ബാത്തിലൂടെ ജനങ്ങളെ അറിയിച്ചു.
https://www.facebook.com/Malayalivartha
























