അത്യാസന്ന നിലയിലായ ഫാ. സ്റ്റാന്‍ സ്വാമിയെ ഒടുവില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി; ഉറ്റവരെ പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല, കഴിയുന്നത് ഓക്സിജന്റെ സഹായത്തോടെ
ഭീമ കൊറേഗാവ് കേസില്‍ മാവോവാദി ബന്ധമാരോപിച്ച് ജയിലില്‍ കഴിയുന്ന വൃദ്ധനായ ക്രൈസ്തവ പുരോഹിതന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ ഒടുവില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ട്. അത്യാസന്ന നിലയിലായ സ്വാമിയെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ ഓക്സിജന്റെ സഹായത്തോടെയാണ് 84 കാരനായ ഫാദര്‍ കഴിയുന്നത്. അദ്ദേഹത്തിന് ഉറ്റവരെ പോലും തിരിച്ചറിയാനാവുന്നില്ലെന്ന് ബംഗളൂരു ആസ്ഥാനമായ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോ സേവ്യര്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി.
സ്വാമിയുടെ അഭിഭാഷകരുടെ ഹർജിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈകോടതി വെള്ളിയാഴ്ച ഉത്തരവിടുകയായിരുന്നു. സ്വന്തം ചെലവില്‍ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് രാത്രി 9.50 ഓടെയാണ് സ്വാമിയെ ആശുപത്രിയിൽ എത്തിച്ചത്.
''ശ്വാസതടസ്സം നേരിട്ടതിനാല്‍ ഓക്‌സിജന്‍ നല്‍കുകയായിരുന്നു. ആരോഗ്യനില പഴയതുപോലെ തുടരുന്നു. ഉറ്റവരെ പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല. വിശദ പരിശോധനയ്ക്ക് ശേഷം ആശുപത്രി അധികൃതര്‍ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബുള്ളറ്റിന്‍ നല്‍കും" -ഫാ. സേവ്യര്‍ വ്യക്തമാക്കി.
അതോടൊപ്പം തന്നെ സ്റ്റാന്‍ സ്വാമിക്ക് പരിചരണത്തിന് ജീവനക്കാരനെ നിര്‍ത്താനും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഫാ. ഫ്രാസര്‍ മസ്കരാനെസിനെ അനുവദിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി സ്റ്റാന്‍ സ്വാമി നല്‍കിയ ജാമ്യ ഹർജിയില്‍ ജസ്റ്റിസുമാരായ എസ്.എസ്. ഷിണ്ഡെ, എന്‍.ആര്. ബോര്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ജാമ്യമാണ് വേണ്ടതെന്നും അല്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കാമെന്നും ആരോഗ്യശേഷി നശിച്ച് മരണം അടുത്തുവരികയാണെന്നും സ്റ്റാന്‍ സ്വാമി ഒരാഴ്ച മുമ്പ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ജെ.ജെ ആശുപത്രിയിലേക്കു മാറ്റട്ടെയെന്ന് ജഡ്ജി വിഡിയോ കോണ്‍ഫറന്‍സിനിടെ ചോദിച്ചപ്പോഴായിരുന്നു ഇഇത്തരത്തിൽ പറഞ്ഞത്. പിന്നാലെ അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അഭിഭാഷകനോട് ജഡ്ജി ആവശ്യപ്പെടുകയായിരുന്നു.
അതേസമയം ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറാന്‍ തയാറാണെന്ന് വെള്ളിയാഴ്ച അഭിഭാഷകന് മിഹിര്‍ ദേശായ് കോടതിയെ അറിയിച്ചപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എന്‍.െഎ.എ എതിർക്കുകയായിരുന്നു. പിന്നാലെ ചെലവ് സ്വാമി വഹിക്കുമെന്ന് അഭിഭാഷകന് കോടതിയെ അറിയിക്കുകയും ചെയ്തു. സ്റ്റാന്‍ സ്വാമിയുടെ പ്രായവും ജെ.ജെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വിദഗ്ധ പാനല്‍ നല്‍കിയ റിപ്പോര്‍ട്ടും പരിഗണിച്ചാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha
























