സഹായിക്കാൻ ആരും എത്തിയില്ല; കോവിഡ് പോസിറ്റീവായ ഭർതൃ പിതാവിനെ നടന്നത് 2 കിലോമീറ്ററോളം! അഗ്നിപരീക്ഷ അവസാനിച്ചില്ല, 'ആശുപത്രിയിലെ മൂന്ന് നിലകളിലെ പടികള്‍' കൂടി കയറി പിതാവിനെ തോളിലേറ്റി: 24 കാരിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ

സമൂഹത്തിലെ ഏത് കാര്യവും അധികാരികളുടെ മുന്നിലെത്തിക്കാൻ ഇന്ന് കഴിയുന്നത് സോഷ്യൽമീഡിയ എന്ന പ്ലാറ്റഫോമിലൂടെ തന്നെയാണ്. മഹാമാരി കാലത്ത് നിരവധിപേരെയാണ് സമൂഹമാധ്യമത്തിലൂടെ രക്ഷിച്ചത്. കൂടാതെ ഏതൊരാളുടെയും അപൂർവ ജീവിതാവസ്ഥയും സമൂഹമാധ്യമത്തിലൂടെ ഏതെങ്കിലും ഒരു വഴിയോ പുറംലോകം അറിയുന്നു.
ഇപ്പോൾ കോവിഡ് പോരാളികളുടെ കഥകള്‍ പങ്കുവയ്ക്കുന്ന ഒരു വേദിയായായും സോഷ്യല്‍ മീഡിയ മാറി. ഇത്തരത്തില്‍ കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രമായിരുന്നു 75കാരനായ ഭര്‍തൃപിതാവിനെ തോളിലേറ്റി ആശുപത്രിയില്‍ എത്തിക്കുന്ന യുവതിയുടെ ചിത്രം. നിഹാരിക എന്ന അസമിലെ രാഹ ജില്ലയിലെ ഭട്ടിഗാവോണ്‍ നിവാസിയായ യുവതിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്തതിനാല്‍ കൊറോണ വൈറസ് ബാധിച്ച ഭര്‍തൃപിതാവായ തുളേശ്വര്‍ ദാസിനെ ആശുപത്രിയില്‍ എത്തിക്കേണ്ടത് നിഹാരികയുടെ ചുമതല തന്നെയായിരുന്നു. നിഹാരികയുടെ ഭര്‍ത്താവ് സൂരജ് വീട്ടില്‍ നിന്ന് ഏറെ അകലെയാണ് ജോലി ചെയ്യുന്നത്. അതിനാല്‍ കുടുംബത്തിലെ കാര്യങ്ങള്‍ നോക്കുന്നതും ഭര്‍തൃപിതാവിനെ പരിചരിക്കുന്നതും നിഹാരിക തന്നെയാണ്.
മകൻ വീട്ടിൽ ഇല്ലാതിരുന്ന ഈ അവസരത്തിലാണ് തുളേശ്വറിന് കോവിഡ് ബാധിച്ചത്. മറ്റാരും സഹായിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് നിഹാരിക തന്നെ പിതാവിനെ തോളിലേറ്റി ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഭര്‍തൃപിതാവിനെ ചുമലില്‍ കയറ്റി നടക്കുന്ന നിഹാരികയുടെ ചിത്രം ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നാല്‍ തനിയ്ക്ക് നേരിടേണ്ടി വന്ന അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് 24 കാരിയായ നിഹാരിക ദാസ്മാധ്യമങ്ങളോട് പറഞ്ഞു.
ജൂണ്‍ 2 ന് തുളേശ്വര്‍ ദാസ് കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. രണ്ട് കിലോമീറ്റര്‍ അകലെയുള്ള അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകാന്‍ നിഹാരിക ഒരു ഓട്ടോറിക്ഷാ വിളിച്ചു. എന്നാല്‍ വീട്ടിലേയ്ക്ക് ഓട്ടോറിക്ഷ എത്തില്ല. കുറച്ച് ദൂരം നടന്നാല്‍ മാത്രമേ വാഹനത്തിന് അരികില്‍ എത്താന്‍ സാധിക്കൂ. എന്നാല്‍ തുളേശ്വര്‍ ദാസ് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്തത്ര ദുര്‍ബലനായിരുന്നു.
'എന്റെ ഭര്‍ത്താവ് സിലിഗുരിയില്‍ ജോലിസ്ഥലത്തായിരുന്നു. അതിനാല്‍ പിതാവിനെ തന്റെ തോളില്‍ കയറ്റി അകലെ നിര്‍ത്തിയിരുന്ന വാഹനത്തിലേക്ക് കൊണ്ടുപോകുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലായിരുന്നുവെന്ന് ' നിഹാരിക പറയുന്നു. യുവതിയ്ക്ക് ആറുവയസ്സുള്ള ഒരു മകനുമുണ്ട്.
തുലേശ്വര്‍ ദാസിനെ ജില്ലാ കോവിഡ് കെയര്‍ സെന്ററിലേക്ക് അയയ്ക്കാനും നിഹാരിക വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനുമായിരുന്നു പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം. എന്നാല്‍ പ്രായമായ ഭര്‍തൃപിതാവിനെ ഒറ്റയ്ക്ക് ആശുപത്രിയിലേക്ക് അയയ്ക്കാന്‍ നിഹാരിക വിസമ്മതിച്ചു. തുടര്‍ന്ന് 21 കിലോമീറ്റര്‍ അകലെയുള്ള നാഗോണ്‍ ഭോഗേശ്വരി ഫുക്കാനാനി സിവില്‍ ഹോസ്പിറ്റലിലെ കോവിഡ് കേന്ദ്രത്തിലേയ്ക്ക് പിതാവിനെ കൊണ്ടു പോകാന്‍ തീരുമാനിച്ചു.
അതിനായി മറ്റൊരു സ്വകാര്യ വാഹനം വിളിക്കേണ്ടി വന്നു. 'ആംബുലന്‍സോ സ്ട്രെച്ചറോ ഇല്ല, അതിനാല്‍ വീണ്ടും തോളില്‍ ചുമന്ന് പിതാവിനെ കാറില്‍ കയറ്റേണ്ടിവന്നു. ആളുകള്‍ ഉറ്റുനോക്കി, പക്ഷേ ആരും സഹായിക്കാന്‍ തയ്യാറായില്ല' നിഹാരിക ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഈ സമയത്താണ് നിഹാരികയെ അറിയാത്ത ഒരാള്‍ അവരുടെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രമാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.
കോവിഡ് ആശുപത്രിയില്‍ എത്തിയിട്ട് പോലും, നിഹാരികയുടെ അഗ്നിപരീക്ഷ അവസാനിച്ചില്ല. 'ആശുപത്രിയിലെ മൂന്ന് നിലകളിലെ പടികള്‍ പിതാവിനെ ചുമന്ന് കയറി. സഹായം ആവശ്യപ്പെട്ടെങ്കിലും ആരും സഹായിച്ചില്ല. അന്ന് അദ്ദേഹത്തെ ചുമന്ന് മൊത്തം 2 കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ടാകുമെന്ന്' നിഹാരിക കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























