'രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു ഡാറ്റയും വിൽപ്പനയ്ക്കില്ല ; എല്ലാ വാക്‌സിനേഷന്‍ ഡാറ്റയും സുരക്ഷിതം' ; കോവിന്‍ പോര്‍ട്ടലില്‍ വിവരചോര്‍ച്ച എന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍!

ഇന്ത്യയില്‍ കോവിഡ്-19 വാക്‌സിനേഷന്‍ കൈകാര്യം ചെയ്യുന്ന കോവിന്‍ പോര്‍ട്ടലില്‍ വിവരചോര്‍ച്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാനുപയോഗിക്കുന്ന പോര്‍ട്ടലാണ് കോവിന്‍ പോര്‍ട്ടൽ . എന്നാൽ ഇതുമായി ബന്ധപ്പെട്ട് വ്യഴാഴ്ച ഉണ്ടായ ആരോപണം തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
അതോടൊപ്പം, പോര്‍ട്ടലിലെ വാക്‌സിനേഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിന്‍ എല്ലാ വാക്‌സിനേഷന്‍ ഡാറ്റയും സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷത്തില്‍ സംഭരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 150 ദശലക്ഷം ഉപയോക്താക്കളുടെ ഡാറ്റാബേസ് ഒരു ഹാക്കര്‍മാരുടെ ഗ്രൂപ്പ് ആക്‌സസ്സു ചെയ്തുവെന്നും ഈ ഡാറ്റ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്നുമായിരുന്നു റിപ്പോർട്ടുകൾ. വ്യാഴാഴ്ച പുറത്തുവന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, കോവിഡ്-19 വാക്സിനേഷനായി രജിസ്ട്രർ ചെയ്യുന്നവർക്കായി കോവിൻ (CoWin) പോർട്ടലിൽ പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുകയാണ് . വാക്സിനേഷനായി രജിസ്ട്രർ ചെയ്യുകയും വാക്സിൻ കേന്ദ്രത്തിലേക്കുള്ള സ്ലോട്ട് ലഭിക്കുകയും ചെയ്തവർക്ക് ഒരു നാലക്ക വെരിഫിക്കേഷൻ കോഡ് ലഭിക്കുന്നതിനുള്ള ഫീച്ചറാണ് പോർട്ടലിൽ ഉൾപ്പെടുത്തിയത്. ഈ കോഡ് വാക്സിനേഷൻ കേന്ദ്രത്തിലെത്തിയാൽ അവിടെ കാണിച്ച് വെരിഫൈ ചെയ്യാൻ സാധിക്കും.
പുതിയ ഫീച്ചർ ഉൾപ്പെടുത്തിയതോടെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വാക്സിനേഷനായി ഒരു സ്ലോട്ട് തിരഞ്ഞെടുക്കുകയും ചെയ്യുന്നവർക്ക് വാക്സിനേഷൻ സെന്ററിൽ ഹാജരാക്കേണ്ട നാല് അക്ക സുരക്ഷാ കോഡ് ലഭിക്കും.
കോവിൻ പോർട്ടലിൽ വാക്സിനേഷൻ സ്ലോട്ട് ബുക്ക് ചെയ്ത പലർക്കും വാക്സിൻ ലഭിക്കുന്നതിന് മുൻപ് തന്നെ അവർക്ക് വാക്സിൻ നൽകിയതായി എസ്എംഎസ് സന്ദേശം വന്നതായിട്ട് പരാതികളുയർന്നത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























