തമിഴ്‌നാട്ടില്‍ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി... കൂടുതല്‍ ഇളവുകള്‍ നല്‍കി സ്റ്റാലിന്‍ സര്‍ക്കാര്‍

കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ കൂടിയ വിദഗ്ധരുടെ യോഗത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതിനുള്ള തീരുമാനമുണ്ടായത്. ചെന്നൈ അടക്കമുള്ള ഇടങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയ പ്രദേശങ്ങളിലാണ് കൂടുതല്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇളവുകള്‍ നല്‍കിയ 27 ജില്ലകളില്‍ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുടെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഇവിടങ്ങളില്‍ കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ജീവനക്കാരുമായും, വ്യവസായ സ്ഥാപനങ്ങള്‍ക്ക് 33 ശതമാനം ജീവനക്കാരുമായും തുറന്ന് പ്രവര്‍ത്തിക്കാം. ഐ.ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് 20 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ജൂണ്‍ 14 മുതലാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ ബാധകമാകുക. മദ്യശാലകള്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. രാവിലെ 6 മണി മുതല്‍ വൈകിട്ട് 5 വരെ ബ്യൂട്ടി പാര്‍ലറുകള്‍, സലൂണ്‍, സ്പാ തുടങ്ങിയവയ്ക്ക് 50 ശതമാനം ഉപയോക്താക്കളുമായി പ്രവര്‍ത്തിക്കാം. അതേസമയം, കോവിഡ് വ്യാപനം കുറയാത്ത കോയമ്ബത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, ഈറോഡ്, കരുര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവരൂര്‍, നാഗപ്പട്ടണം, മൈലാട്തുറൈ എന്നിവിടങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഉണ്ടാകില്ല.
https://www.facebook.com/Malayalivartha

























