വിവാഹിതനായി മൂന്നാംനാള്‍ 26കാരന്‍ കൊല്ലപ്പെട്ടു; പിന്നില്‍ മുന്‍ കാമുകിയെന്ന് പൊലീസ്, ഞെട്ടലോടെ ഗ്രാമവാസികൾ! കൊലപാതകത്തിന് പിന്നിലെ കഥ സിനിമയെവെല്ലും

വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുശേഷം 26കാരനായ നവവരന്‍ മുന്‍ കാമുകിയുടെ കൈകളാല്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സിഹോറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഗുര്‍ജി ഗ്രാമത്തിലുള്ള സോനു പട്ടേലിന്റെ വിവാഹം മെയ് 14നായിരുന്നു. മെയ് 16ന് മൊബൈല്‍ ഫോണ്‍ നന്നാക്കാനായി വീട്ടില്‍ നിന്ന് പോയ സോനു പിന്നീട് തിരിച്ചുവന്നില്ല. യുവാവിനെ കാണാതെയായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
പൊലീസ് ചോദ്യം ചെയ്യലിനിടെ ബന്ധുക്കളിലൊരാളില്‍ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. തൊട്ടടുത്ത മധി ഗ്രാമത്തിലെ മധു പട്ടേല്‍ എന്ന പേരുള്ള യുവതിയുമായി സോനു നേരത്തെ പ്രണയത്തിലായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പിന്നാലെ പൊലീസ് മധുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ മുറുകിയതോടെ സത്യം പുറത്തായി. സോനുവിനെ താന്‍ കൊലപ്പെടുത്തിയെന്നും അടുത്ത ബന്ധുവിന്റെ സഹായത്തോടെ മൃതദേഹം ഹര്‍ഗധ് വനത്തില്‍ ഉപേക്ഷിച്ചുവെന്നുമാണ് യുവതി വെളിപ്പെടുത്തിയത്.
കാണാതായ മെയ് 16ന് തന്നെ സോനുവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മധു പൊലീസിനോട് പറഞ്ഞു. തന്റെ നഗ്ന വീഡിയോ സോനു ക്യാമറയില്‍ പകര്‍ത്തിയെന്നും കുടുംബാംഗങ്ങളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മധു പറഞ്ഞു.
''സോനുവിനെ വിവാഹം കഴിക്കണമെന്ന് മധുവിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ മധുവിന്റെ വിവാഹം ബന്ധുക്കള്‍ ഉറപ്പിച്ചു. പിന്നാലെ സോനുവിന്റെ വിവാഹവും നടന്നു.
മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ സോനു ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ മധുവിന്റെ ഭാവി വരന്റെ വീട്ടുകാരെ കാണിക്കുമെന്നും ഇതോടെ മധുവിന്റെ വിവാഹം മുടങ്ങുമെന്നും സോനു ഭീഷണിപ്പെടുത്തി''- പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha
























