പ്ലേഗിനും വസൂരിക്കും ആകാമെങ്കില്‍ കോവിഡിനും ആകാമെന്ന് ഗ്രാമീണര്‍; വൈറസില്‍ നിന്ന് രക്ഷ നേടാന്‍ 'കൊറോണമാതാ' ക്ഷേത്രം സ്ഥാപിച്ച് ആരാധന നടത്തി യുപിയിലെ ശുക്ലാപൂര്‍ ഗ്രാമവാസികള്‍; ക്ഷേത്രം പൊളിച്ചു കളഞ്ഞ് പൊലീസ്

ലോകത്തെ മുഴുവന്‍ ദുരിതത്തിലാക്കിയ കൊറോണ വൈറസില്‍ നിന്ന് രക്ഷ നേടാന്‍ തനതായ മാര്‍ഗ്ഗം നോക്കിയിരിക്കുകയാണ് യുപിയിലെ ഒരു ഗ്രാമം. വൈറസ് ബാധയില്‍ നിന്നും രക്ഷ നേടാന്‍ 'കൊറോണ മാതാ' ക്ഷേത്രം സ്ഥാപിച്ചിരിക്കുകയാണ് പ്രതാപ്ഗഢ് ജില്ലയിലെ ശുക്ലാപൂര്‍ നിവാസികള്‍.
എന്നാല്‍, ക്ഷേത്രത്തിന് അധികം ആയുസുണ്ടായില്ല. വെള്ളിയാഴ്ച രാത്രി യുപി പൊലീസ് ക്ഷേത്രം നീക്കം ചെയ്തു. സംഗിപൂര്‍ മാര്‍ക്കറ്റില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് ജുഹി ശുക്ലാപൂര്‍ ഗ്രാമം. സംഗിപൂരിലെ പൊലീസ് രാത്രി എത്തി ക്ഷേത്രം തകര്‍ത്തു കളഞ്ഞു. ക്ഷേത്രാവശേഷിപ്പുകള്‍ ഒരു ട്രാക്ടര്‍ ട്രോളിയില്‍ കൊണ്ടു പോവുകയും ചെയ്തു.
ക്ഷേത്രവിഗ്രഹം സ്ഥാപിച്ച ലോകേഷ് ശ്രീവാസ്തവ എന്നയാളിന്റെ മൂത്ത സഹോദരനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇപ്പോള്‍ കുടുംബാംഗങ്ങള്‍ പൊലീസ് തങ്ങളെ പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പൊലീസ് അന്ധവിസ്വാസം പ്രോത്സാഹിപ്പിക്കാന്‍ ആവില്ലെന്ന് പറഞ്ഞ് നടപടി സ്വീകരിച്ചത്.
നൂറുകണക്കിന് ഗ്രാമീണരാണ് ഇവിടെ പ്രാര്‍ത്ഥനയക്ക് എത്തിയിരുന്നത്. കോവിഡിന്റെ നിഴല്‍ ശുകുള്‍പൂരിലും സമീപ ഗ്രാമങ്ങളിലും വീഴരുതെന്നാണ് ആളുകളുടെ പ്രാര്‍ത്ഥന. കൊറോണ മാത എന്ന മാസ്‌ക് ധരിച്ച വിഗ്രഹവും ഇവിടെ സ്ഥാപിച്ചിരുന്നു. ഇവിടെ എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരാധനാലയ നടത്തിപ്പുകാര്‍ എടുത്തുപറഞ്ഞിരുന്നു.
പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം.ഗ്രാമീണരില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് ചെറിയ ആരാധനാലയം പണി കഴിപ്പിച്ചത്. കൊറോണ മാതയോട് പ്രാര്‍ത്ഥിച്ചാല്‍ മഹാമാരിയില്‍നിന്നും രക്ഷ ലഭിക്കുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് കൊറോണ മാതാ മന്ദിര്‍ സ്ഥാപിച്ചതെന്ന് ഗ്രാമീണര്‍ പറയുന്നു.
രാജ്യത്ത് ഇത് ആദ്യമല്ലെന്നും പ്ലേഗ്, വസൂരി പോലെ മഹാമാരികള്‍ പടര്‍ന്ന് നിരവധി പേര്‍ മരിച്ചപ്പോള്‍ ഇത്തരത്തില്‍ ആരാധനാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കൊറോണ മാതാ മന്ദിറിലെ പൂജാരി രാധേ ശ്യാം പറഞ്ഞു.
https://www.facebook.com/Malayalivartha
























