ബട്‌ല ഹൗസ് വിവാദ ഏറ്റുമുട്ടല്‍ കേസിലെ പ്രതി ഷഹ്‌സാദ് അഹമ്മദിന് ജീവപര്യന്തം

ബട്‌ല ഹൗസ് വിവാദ ഏറ്റുമുട്ടല്‍ കേസിലെ പ്രതി ഷഹ്‌സാദ് അഹമ്മദിന് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 90,000 രൂപ പിഴയായി അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതില്‍ 40,000 രൂപ കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്റെ കുടുംബത്തിനും 20,000 രൂപ ഏറ്റമുട്ടലില്‍ പരുക്കേറ്റ ബല്‍വന്ദ് എന്ന ഉദ്യോഗസ്ഥനും നല്‍കാനാണ് കോടതി ഉത്തരവ്. കേസിലെ മറ്റൊരു പ്രതിയായ ആരിസ് ഖാന്‍ ഒളിവിലാണ്. മറ്റൊരാളായ മുഹമ്മദ് സെയ്ഫ് കീഴടങ്ങിയതിനാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മയെ കൊലപ്പെട്ട കേസിലാണ് വിധി.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാജേന്ദ്രകുമാര്‍ ശാസ്തിയാണ് ശിക്ഷ വിധിച്ചത്.
ബട്‌ല ഹൗസിലെ ജാമിയാ നഗര്‍ ഫല്‍റ്റില്‍ പോലീസിന് നേരെ വെടിയുതിര്‍ത്തവര്‍ക്കൊപ്പം ഷെഹ്‌സാദ് അഹമ്മദും ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ കേസില്‍ വാദം നടക്കുമ്പോള്‍ കോടതിയില്‍ പറഞ്ഞിരുന്നു. സാഹചര്യ തെളിവുകളും ഫോണ്‍ റെക്കോര്‍ഡുമാണ് പ്രോസിക്യൂഷന്‍ വാദത്തിനായി നിരത്തിയത്.
2008 സെപ്തംബറിലെ ഡല്‍ഹി സ്‌ഫോടന പരമ്പരയിലെ പ്രതികളെന്ന് ആരോപിച്ചവരെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെയ്പ്പ് നടത്തിയെന്നാണ് കേസ്. 2008 സപ്തംബര്‍ 19 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡല്‍ഹിയിലെ ജാമിയ നഗറില്‍ ബട്‌ല ഹൗസിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീവ്രവാദികള്‍ ഉണ്ടെന്ന സൂചനയെത്തുടര്‍ന്ന് പരിശോധനക്കെത്തിയ പോലീസ് സംഘത്തിനുനേരെ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ തീവ്രവാദികളെന്ന് കരുതുന്ന അതിഫ് അമീനും മുഹമ്മദ് സാജിദും പോലീസ് ഇന്‍സ്‌പെക്ടര്‍ എം.സി. ശര്‍മയും മരിച്ചു.
എന്നാല്‍ അത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്നും വകുപ്പുകള്‍ തമ്മിലുള്ള വൈരം കാരണമാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.സി. ശര്‍മ കൊല്ലപ്പെട്ടതെന്നും വിവിധ സംഘടനകളും കോണ്‍ഗ്രസ്സിലെ ദിഗ്വിജയ് സിങ് അടക്കമുള്ള നേതാക്കളും കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha