ആന്ധ്രയെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ തീരുമാനം; ആന്ധ്രയില്‍ ബന്ദ്

നീണ്ട വര്‍ഷത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ആന്ധ്രപ്രദേശ് വിഭജിക്കാന്‍ ഒരുങ്ങുന്നു. ആന്ധ്രയെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ ചൊവ്വാഴ്‌ച ഡല്‍ഹിയില്‍ ചേര്‍ന്ന യു.പി.എ ഏകോപനസമിതിയോഗവും കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതിയോഗവുമാണ് തീരുമാനിച്ചത്. സീമാന്ദ്ര,റായല തെലുങ്കാന എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളായാണ് വിഭജനം. പത്തുവര്‍ഷം വരെ ഇരു സംസ്ഥാനങ്ങളുടേയും തലസ്ഥാനം ഹൈദരാബാദ് തന്നെയായിരിക്കും. അതിനിടയില്‍ ആന്ധ്രക്കായ് പുതിയ തലസ്ഥാനം രൂപീകരിക്കുകയും ഹൈദരാബാദ് തെലുങ്കാനയുടെ മാത്രം തലസ്ഥാനമാകുകയും ചെയ്യും.
രാജ്യത്തെ ഇരുപത്തിയൊമ്പതാം സംസ്ഥാനമായിരിക്കും തെലുങ്കാന. ആറുമാസത്തിനുള്ളില്‍ പുതിയ സംസ്ഥാനം നിലവില്‍ വരും. ആന്ധ്രപ്രദേശിലെ 23 ജില്ലകളില്‍ പത്തെണ്ണമാണു പുതിയ സംസ്ഥാനത്തിനു കീഴില്‍വരുക. ആഡിലാബാദ്, കരിംനഗര്‍, ഖമ്മം, മെഹ്‌ബൂബ് നഗര്‍, മേഡക്, നല്‍ഗൊണ്‌ട, നിസാമാബാദ്, രംഗറെഡ്ഡി, വാറംഗല്‍ എന്നിവയാണവ. 42 ലോക്‌സഭാ സീറ്റുകളും 294 നിയമസഭാ സീറ്റുകളുമാണ് ഐക്യ ആന്ധ്രയിലുള്ളത്. 17 ലോക്‌സഭാ സീറ്റും 119 നിയമസഭാ സീറ്റുകളും തെലുങ്കാനയില്‍ ഉണ്ടാകും. ആന്ധ്രയുടെ 41 ശതമാനത്തോളം വരുന്ന പ്രദേശമാണു തെലുങ്കാനയില്‍ വരുക.
ഭാഷാ അടിസ്ഥാനത്തില്‍ രൂപീകരിച്ച ആന്ധ്രയില്‍ തെലുങ്കാന മേഖലയിലെ പിന്നോക്കാവസ്ഥയാണ് പുതിയ സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കപ്പെടാന്‍ കാരണമായത്. പുതിയ സംസ്ഥാനത്തിനായി രൂപീകൃതമായ തെലുങ്കാന രാഷ്ട്രസമിതി ഇനി കോണ്‍ഗ്രസില്‍ ലയിക്കാനാണ് സാധ്യത.
അതേസമയം പുതിയ സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ ആന്ധ്രയില്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. ഐക്യ ആന്ധ്ര സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് ബന്ദ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മിക്കയിടങ്ങളിലും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha