ഐ.എന്‍.എസ് വിക്രാന്ത് നീറ്റിലിറങ്ങി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രഥമ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് നീറ്റിലിറക്കി. പ്രതിരോധമന്ത്രി എ.കെ. ആന്റണി മുഖ്യാതിഥിയായ ചടങ്ങില്‍ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിയാണ് കപ്പല്‍ നീറ്റിലിറക്കിയത്. കേന്ദ്രഷിപ്പിംഗ് മന്ത്രി ജി.കെ. വാസന്‍ അധ്യക്ഷത വഹിച്ചു. അഡ്‌മിറല്‍ ഡി.കെ. ജോഷി, വൈസ് അഡ്‌മിറല്‍ ആര്‍.കെ. ധവാന്‍, നേവല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഇതോടെ സ്വന്തമായി യുദ്ധക്കപ്പല്‍ നിര്‍മ്മിക്കുന്ന എട്ടാമത്തെ രാജ്യവും സ്വയം രൂപകല്‍പ്പന ചെയ്‌ത് യുദ്ധക്കപ്പല്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ രാജ്യവും എന്ന ഖ്യാതി ഇന്ത്യയ്‌ക്ക് സ്വന്തമായി. 40,000 ടണ്‍ ആണ് ശേഷി. അമേരിക്ക, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളേ ഇത്രയും ഭാരം വഹിക്കാവുന്ന യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചിട്ടുള്ളൂ.
160 ഓഫീസര്‍മാരും 1,400 നാവികരും കപ്പലിലുണ്‌ടാകും. 2001-02 ലാണ് ഇതിന്റെ രൂപകല്‌പന തുടങ്ങിയത്. റഷ്യന്‍ സ്ഥാപനമായ എന്‍ഡിബിയാണു കപ്പലോട്ട സാങ്കേതിക വിദ്യ സംഭാവന ചെയ്‌തിരിക്കുന്നത്. കപ്പലിന്റെ നിര്‍മാണത്തില്‍ 90 ശതമാനവും കപ്പലോട്ടത്തില്‍ 30 ശതമാനവും യുദ്ധശേഷിയില്‍ 30 ശതമാനവും ഇന്ത്യന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
2018 ആകുമ്പോള്‍ വിക്രാന്ത് പൂര്‍ണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പിന്നാലെ ഐ.എന്‍.എസ് വിശാല്‍ എന്ന വിമാന വാഹിനി കൂടി നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്.
https://www.facebook.com/Malayalivartha