നിര്‍ണായകമായ വോട്ടെടുപ്പിലൂടെ ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്‌സഭ പാസാക്കി

ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്‌സഭ പാസാക്കി. നിര്‍ണായകമായ വോട്ടെടുപ്പിലൂടെയാണ് ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. ഏകദേശം എട്ടര മണിക്കൂര്‍ നീണ്ട നടപടികളിലൂടെയാണ് ബില്‍ പാസാക്കിയത്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്നാണ് ബില്ലിനെ വിശേഷിപ്പിക്കുന്നത്. ഒട്ടേറെ ഭേദഗതി വോട്ടുകള്‍ക്കുശേഷമാണ് ബില്ല് പാസാക്കിയത്. സര്‍ക്കാര്‍ സ്വന്തം നിലയ്‌ക്ക് ചില മാറ്റങ്ങള്‍ വരുത്തിയ ബില്ല് ശബ്ദവോട്ടോടെ രാത്രി പത്തേമുക്കാലിന് പാസാക്കുകയായിരുന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ പരികര്‍മയാത്ര ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തടഞ്ഞതിന്റെ പേരില്‍ ബിജെപി, എസ്‌പി അംഗങ്ങള്‍ തമ്മിലുണ്ടായ ബഹളം മൂലം രണ്ടു മണിവരെ ലോക്‌സഭ തടസപ്പെട്ടിരുന്നു. തുടര്‍ന്ന് സഭ വീണ്ടും സമ്മേളിച്ചപ്പോഴാണ് സര്‍ക്കാര്‍ ബില്ലില്‍ ചര്‍ച്ചയ്‌ക്ക് അനുമതി തേടിയത്. സര്‍ക്കാരിനു വേണ്ടി കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി തോമസ് ആണ് സഭയില്‍ അനുമതി തേടിയത്. സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും ബില്ല് നടപ്പാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 62 മില്യന്‍ ടണ്‍ ഭക്ഷ്യധാന്യമാണ് പദ്ധതി നടപ്പാക്കാന്‍ വേണ്ടി വരുന്നതെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.
ദാരിദ്രം തുടച്ചു നീക്കുന്നതിനുള്ള തുടക്കമാണ് ഭക്ഷ്യസുരക്ഷാ ബില്ലെന്ന് സോണിയാഗാന്ധി പറഞ്ഞു. പോഷകാഹാരക്കുറവുള്ള ഒരു കുട്ടിപോലും രാജ്യത്തുണ്ടാകാതിരിക്കലാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും സോണിയ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുന്നതിലൂടെ രാജ്യത്തു നിന്ന് പട്ടിണി തുടച്ചുമാറ്റാനുള്ള അവസരമാണ് പാര്‍ലമെന്റിന് ലഭിച്ചിരിക്കുന്നതെന്നും ചരിത്രപരമായ ദൗത്യമാണ് യു.പി.എ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ബില്‍ പ്രകാരം ഗര്‍ഭിണികള്‍ക്ക് വര്‍ഷം ആറായിരം രൂപയ്ക്ക് നിയമപരമായി അവകാശമുണ്ടായിരിക്കും. ആറിനും 18 നും ഇടയ്ക്ക് പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണവും ബില്‍ ഉറപ്പു നല്‍കുന്നു.
https://www.facebook.com/Malayalivartha