ചോദ്യവും ഉത്തരവും വിലക്കപ്പെട്ട കാലത്താണ് നക്‌സലൈറ്റുകളും തീവ്രവാദ പ്രസ്ഥാനങ്ങളും ഉയിര്‍ത്തെഴുന്നേറ്റതും രാജ്യത്തെ മുള്‍മുനയില്‍ നിറുത്തിയതെന്നുമുള്ള ചരിത്ര വസ്തുത വിസ്മരിക്കാനാവില്ല. പ്രധാനമന്ത്രിയായാലും പ്രസിഡന്റായാലും അവരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത അറിയാനുള്ള അവകാശം ഇന്ത്യയിലെ പൗരനുണ്ട്

ചോദ്യം ചോദിക്കരുത് സംശയം ചോദിക്കരുത്. പറയുന്നത് കേട്ട് അനുസരയുള്ളവരായി ജീവിക്കണം. ഞങ്ങള്‍ ഞങ്ങല്‍ക്കിഷ്ടമുള്ളത് ചെയ്യുമെന്ന മനോഭവത്തിലേയ്ക്ക് രാജ്യം മാറി തുടങ്ങിയത് വിപത്തിലേയ്ക്കുള്ള ചുവടുവെയപാണ്. ചോദ്യവും ഉത്തരവും വിലക്കപ്പെട്ട കാലത്താണ് നക്‌സലൈറ്റുകളും തീവ്രവാദ പ്രസ്ഥാനങ്ങളും ഉയിര്‍ത്തെഴുന്നേറ്റതും രാജ്യത്തെ മുള്‍മുനയില്‍ നിറുത്തിയതെന്നുമുള്ള ചരിത്ര വസ്തുത വിസ്മരിക്കാനാവില്ല. പ്രധാനമന്ത്രിയായാലും പ്രസിഡന്റായാലും അവരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത അറിയാനുള്ള അവകാശം ഇന്ത്യയിലെ പൗരനുണ്ട്. പള്ളിക്കൂടത്തില്‍ പോയിട്ടുണ്ടോയെന്ന് ചോദിക്കുന്ന ആളിന് പിഴശിക്ഷ വിധിക്കൂന്ന കിരാത വാഴ്ചയിലേയ്ക്ക് രാജ്യം എത്തി നിലക്കുന്നതായാണ് കഴിഞ്ഞ ദിവസമുണ്ടായ വിധി സൂചിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചോദിച്ചതിന് 25,000 രൂപ പിഴ വിധിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്തെത്തി. പ്രധാനമന്ത്രിക്ക് എത്രത്തോളം വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് അറിയാന്‍ ഈ രാജ്യത്തിന് അവകാശമില്ലേയെന്ന് കേജ്‌രിവാള്‍ ചോദിച്ചു. കുറച്ചു മാത്രം വിദ്യാഭ്യാസമുള്ള, നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിനുതന്നെ അപകടമാണെന്നും കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
''സ്വന്തം പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അറിയാന്‍ ഈ രാജ്യത്തിന് അവകാശമില്ലേ? തന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തുന്നതിനെ പ്രധാനമന്ത്രി കോടതിയില്‍ ശക്തിയുക്തം എതിര്‍ത്തു. എന്തുകൊണ്ടാണത്? അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത ചോദിക്കുന്നവര്‍ക്കെല്ലാം പിഴ വിധിക്കുമോ? ഇവിടെ എന്താണ് സംഭവിക്കുന്നത്? വിദ്യാഭ്യാസം കുറഞ്ഞ, നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിന് വലിയ അപകടമാണ്''- കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതി ഹര്‍ജിക്കാരനായ കേജ്‌രിവാളിന് പിഴശിക്ഷ വിധിച്ചത്. വിവരങ്ങള്‍ കേജ്രിവാളിനു കൈമാറാന്‍ 2016ല്‍ ഗുജറാത്ത് സര്‍വകലാശാലയോടാണു വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചത്.
മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കൈമാറേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് ബീരേന്‍ വൈഷ്ണവ് ഉത്തരവില്‍ വ്യക്തമാക്കി. മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ് ആവശ്യപ്പെട്ട കേജ്‌രിവാളിന്റെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്ത ഗുജറാത്ത് സര്‍വകലാശാല, വിദ്യാര്‍ഥികളുടെ ബിരുദ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വാദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിനാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴയിട്ടത്. പ്രധാനമന്ത്രിയുടെ ഓഫിസും ഗുജറാത്ത്, ഡല്‍ഹി സര്‍വകലാശാലകളും കേജ്‌രിവാളിനു വിവരം കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവും റദ്ദാക്കി. ഹൈക്കോടതി ഉത്തരവിനു സ്റ്റേ വേണമെന്നന്നും പിഴത്തുകയില്‍ ഇളവു വേണമെന്നുമുള്ള കേജ്രിവാളിന്റെ ആവശ്യം ജസ്റ്റിസ് ബീരെന്‍ വൈഷ്ണവ് തള്ളി. തുക നാലാഴ്ചയ്ക്കകം ഗുജറാത്ത് സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ കെട്ടിവയ്ക്കണം.
വിവരാവകാശ നിയമം ദുരുപയോഗം ചെയ്തു, ഗുജറാത്ത് സര്‍വകലാശാല നേരത്തേ പരസ്യപ്പെടുത്തിയ കാര്യമായിട്ടും കേജ്‌രിവാള്‍ കേസുമായി മുന്നോട്ടുപോയി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിഴയിട്ടത്. മോദി 1983 ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎ പൂര്‍ത്തിയാക്കിയിരുന്നതായി 2016 മേയില്‍ അന്നത്തെ വൈസ് ചാന്‍സലര്‍ എം.എന്‍.പട്ടേല്‍ പറഞ്ഞിരുന്നു.
മോദിയുടെ ബിരുദ വിവരങ്ങള്‍ കേജ്രിവാളിനു കൈമാറാന്‍ 2016 ഏപ്രിലിലാണ് അന്നത്തെ വിവരാവകാശ കമ്മിഷണര്‍ ഡോ. ശ്രീധര്‍ ആചാര്യലു നിര്‍ദേശിച്ചത്. എന്നാല്‍ പരസ്പരവിശ്വാസം പാലിക്കേണ്ട സാഹചര്യങ്ങളില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൈമാറാതിരിക്കാമെന്നും വിവരാവകാശ നിയമത്തിലെ 8(1)ഇ വകുപ്പു പ്രകാരം ഇത്തരം വിവരങ്ങള്‍ പൊതുതാല്‍പര്യമില്ലെങ്കില്‍ നല്‍കേണ്ടതില്ലെന്നും ഗുജറാത്ത് സര്‍വകലാശാല വാദിച്ചു. പൊതുജനത്തിനു താല്‍പര്യമുണ്ടായതുകൊണ്ടു മാത്രം പൊതുതാല്‍പര്യമുള്ള വിഷയമാകില്ലെന്നും വിദ്യാഭ്യാസ യോഗ്യത വ്യക്തിഗത വിവരമാണെന്നും സര്‍വകലാശാലയ്ക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
ഡല്‍ഹി സര്‍വകലാശാലയുടെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വിവരാവകാശ കമ്മിഷന്റെ ഉത്തരവു സ്റ്റേ ചെയ്തിരുന്നു. ഈ കേസ് മേയ് മൂന്നിനു പരിഗണിക്കും. മോദിയെന്നു പേരുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്കു 2 വര്‍ഷം തടവു വിധിച്ചതിനു പിന്നാലെയാണു കേജ്‌രിവാളിനെതിരായ ഗുജറാത്ത് ഹൈക്കോടതി വിധി.
പ്രധാനമന്ത്രി എവിടെ പഠിച്ചു, അദ്ദേഹത്തിന്റെ കൂടെ പഠിച്ചവര്‍ ആരൊക്കെയാണ്. അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകര്‍, പഠിച്ച കാലയളവ്, പഠിച്ച വിഷയം ഇതൊക്കം വ്യക്തമാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ അനങ്ങിയിട്ടില്ല. വിദ്യാഭ്യാസത്തെ കുറിച്ച് ചോദിക്കുമ്പോള്‍ റോഡ് നിര്‍മ്മിച്ചതും, പ്രതിമ നിര്‍മ്മിച്ചതും പറഞ്ഞ് തടിതപ്പുന്ന രീതിയാണുള്ളത്.
https://www.facebook.com/Malayalivartha
























