സുഷ്‌മിതാ ബാനര്‍ജിയെ വെടിവെച്ചു കൊന്ന സംഭവം; രാജ്യസഭ രോഷം പ്രകടിപ്പിച്ചു

അഫ്‌ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എഴുത്തുകാരി സുഷ്‌മിത ബാനര്‍ജിയെ ഭീകരര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ രാജ്യസഭ രോഷം പ്രകടിപ്പിച്ചു. ശൂന്യവേളയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം കുനാല്‍ കുമാര്‍ ഘോഷ് ആണ് വിഷയം ഉന്നയിച്ചത്. ഇതൊരു അരുംകൊലയാണ്-അദ്ദേഹം പറഞ്ഞു. താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായി നില്ലകൊണ്ടതില്‍ ഞാനവരെ സല്യൂട്ട് ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം നിര്‍ഭാഗ്യകരമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനും വ്യക്തമാക്കി.
1989 ലാണ് സുസ്‌മിത അഫ്‌ഗാന്‍കാരനായ വ്യാപാരി ജാന്‍ബാസ് ഖാനെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് അഫ്‌ഗാനിലേയ്‌ക്ക് താമസം മാറ്റി. താലിബാന്‍ തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് സുസ്‌മിതയ്‌ക്കു തന്റെ ഔഷധവിതരണശാല അടച്ചുപൂട്ടേണ്ടിവന്നു.
അഫ്‌ഗാനിലെ വസതിയില്‍നിന്നു തുരങ്കം നിര്‍മിച്ച് അവിടെനിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചു. കാബൂളിന് അടുത്തുവച്ച് താലിബാന്‍ സൈന്യത്തിന്റെ പിടിയിലായി. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു പലായനം ചെയ്‌തതിനാല്‍ തൂക്കിക്കൊല്ലണമെന്നായിരുന്നു താലിബാന്‍ സംഘത്തിന്റെ തീരുമാനം. താനൊരു ഇന്ത്യാക്കാരിയാണെന്നും മാതൃരാജ്യത്തിലേക്ക് മടങ്ങിപ്പോകാനുള്ള അവകാശമുണ്ടെന്നും അവരോട് വാദിച്ചു. രാത്രി മുഴുവന്‍ താലിബാന്‍ സംഘം ചോദ്യംചെയ്യല്‍ തുടര്‍ന്നു. പിറ്റേന്ന് രാവിലെ ഇന്ത്യന്‍ എംബസിയില്‍ ഹാജരാക്കാനുള്ള സൗമനസ്യം അവര്‍ കാണിച്ചു. ഇന്ത്യന്‍ എംബസി നാട്ടിലേക്കു സുരക്ഷിത യാത്രയ്‌ക്കു സൗകര്യമൊരുക്കി. കൊല്‍ക്കത്തയില്‍ തിരിച്ചെത്തി ഭര്‍ത്താവുമായി ഒന്നുചേര്‍ന്നു. ഈ വര്‍ഷം ജനുവരിയിലാണ് സുസ്‌മിത ഭര്‍ത്താവിനൊപ്പം വീണ്ടും അഫ്‌ഗാനിലേയ്‌ക്ക് പോയത്.
https://www.facebook.com/Malayalivartha