ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കലാപം; 27 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഉണ്ടായ വര്‍ഗീയ കലാപത്തില്‍ 27 പേര്‍ മരിച്ചു. സംഭവ സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. എണ്ണൂറിലധികം സൈനികരും 38 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളുമാണ് മുസാഫര്‍ നഗറില്‍ ഇപ്പോള്‍ ഉള്ളത്. വീടുകള്‍ തോറും കയറിയുള്ള പരിശോധന നടത്തുന്നുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.
ഒരുവിഭാഗം വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്ത് യോഗത്തില്‍ പങ്കെടുത്തു മടങ്ങിയവര്‍ക്കു നേരേ മറുവിഭാഗം അക്രമം നടത്തിയതിനെത്തുടര്‍ന്നാണ് ഒരാഴ്ചയായി ശാന്തമായിരുന്ന പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടായത്. ആഗസ്ത് 27-ന് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. അന്നുമുതല്‍ പ്രദേശം സംഘര്‍ഷഭരിതമായിരുന്നു. അന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് യോഗം നടത്തിയത്.
വ്യാജപ്രചരണങ്ങള്‍ നടത്തുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അതേസമയം സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് അതൃപ്‌തി പ്രകടിപ്പിച്ചു. ഇത് മോശം ഭരണ കര്‍ത്താവാണെന്ന ചീത്തപ്പേരാണ് നല്‍കുകയെന്ന് അദ്ദേഹം മകന്‍ അഖിലേഷിന് മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതില്‍ എസ്.പി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ഗവര്‍ണര്‍ ബി.എല്‍.ജോഷി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
https://www.facebook.com/Malayalivartha