പാക്കിസ്ഥാനില്‍ ട്രെയിന്‍ പാളംതെറ്റി 30 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം... കറാച്ചി -റാവല്‍പിണ്ടി ഹസാര എക്‌സ്പ്രസാണ് അപകടത്തില്‍പെട്ടത്

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നവാബ്ഷാ ജില്ലയില്‍ സര്‍ഹരി റെയില്‍വേ സ്‌റ്റേഷനു സമീപം ട്രെയിന്‍ പാളംതെറ്റി 30 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. ആയിരത്തിലേറെ യാത്രക്കാരുമായി പോയ കറാച്ചി -റാവല്‍പിണ്ടി ഹസാര എക്‌സ്പ്രസാണ് അപകടത്തില്‍പെട്ടത്.
കറാച്ചിയില്‍നിന്ന് 275 കിലോമീറ്റര്‍ അകലെയാണ് സര്‍ഹരി സ്‌റ്റേഷന്‍. 10 ബോഗികള്‍ പാളം തെറ്റിയതായി റെയില്‍വേ വക്താവ് അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം ഞായറാഴ്ചയാണ് അവസാനിച്ചത്. മറിഞ്ഞ കോച്ചുകളില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് ഈ കോച്ച് ഉയര്‍ത്തിയത്. അപകടത്തെ തുടര്‍ന്ന് സിന്ധ് പ്രവിശ്യയിലേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ ട്രെയിന്‍ അമിത വേഗത്തില്‍ ആയിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുമെന്നും റെയില്‍വേ മന്ത്രി സാദ് റഫീഖ് വിശദമാക്കി. ട്രാക്കില്‍ വെള്ളം കയറിയ നിലയിലായിരുന്നുവെന്ന പ്രചാരണം റെയില്‍വേ നിഷേധിച്ചിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റവരെ സേനാ ഹെലികോപ്ടറുകളില്‍ മികച്ച സൗകര്യങ്ങളുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























