ജെഎന്‍യുവിലെയും ഡല്‍ഹി ഐഐടിയിലെയും പ്രഫസര്‍മാരില്‍ നിന്ന് 11 കോടി രൂപ തട്ടിയെടുത്ത കേസില്‍ ജെഎന്‍യുവിലെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ജെഎന്‍യുവിലെയും ഡല്‍ഹി ഐഐടിയിലെയും പ്രഫസര്‍മാരില്‍ നിന്ന് 11 കോടി രൂപ തട്ടിയെടുത്ത കേസില്‍ ജെഎന്‍യുവിലെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഡല്‍ഹി ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ ലാന്‍ഡ് പൂളിങ് പോളിസിയുടെ മറവില്‍ ഭവന പദ്ധതി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ പി.ഡി.ഗെയ്ക്വാദ് (63) ആണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ പ്രഫസര്‍മാരുടെ പരാതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
2015ല്‍ ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ സയന്റിഫിക് ഓഫിസറായി ജോലി ചെയ്തിരുന്ന ഗെയ്ക്വാദ്, ഭവന പദ്ധതി (താങ്ങാനാവുന്ന വിലയില്‍ വീട്) എന്ന് അവകാശപ്പെട്ട് നോബല്‍ സോഷ്യോ സയന്റിഫിക് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ (എന്‍എസ്എസ്ഡബ്ല്യുഒ) രൂപീകരിച്ചിരുന്നു. പ്രഫസര്‍മാരെ പ്രലോഭിപ്പിച്ച് ഓര്‍ഗനൈസേഷനില്‍ അംഗങ്ങളാക്കി. ഗെയ്ക്വാദായിരുന്നു പ്രസിഡന്റ്. നിര്‍ദ്ദിഷ്ട ഭവന പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രഫസര്‍മാരോട് വിശദീകരിച്ച ഗെയ്ക്വാദ്, 'എല്‍-സോണില്‍' ഭൂമി ഏറ്റെടുക്കുന്ന പ്രക്രിയയിലാണെന്നും പറഞ്ഞു
എന്‍എസ്എസ്ഡബ്ല്യുഒയില്‍ അംഗങ്ങളായ പരാതിക്കാര്‍, അംഗത്വ ഫീസും ഫ്‌ലാറ്റിന്റെ പേയ്മെന്റുകളും അടച്ചു. 2015 നവംബര്‍ ഒന്നിന് നജഫ്ഗഡിലെ എല്‍-സോണിലെ ഭൂമി കാണിക്കാന്‍ പരാതിക്കാരെ പ്രതി കൊണ്ടുപോയി. എന്നാല്‍, ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകളൊന്നും കാണിച്ചിരുന്നില്ല. 2019-ല്‍, ഡല്‍ഹി സര്‍ക്കാര്‍ മുഖേന 'സിദ്ധാര്‍ഥ ഓഫിസേഴ്സ് ഹൗസിങ് ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി' എന്ന മറ്റൊരു സൊസൈറ്റി ആരംഭിക്കാന്‍ പോകുകയാണെന്നും എന്‍എസ്എസ്ഡബ്ല്യുഒ അംഗമെന്ന നിലയില്‍ പരാതിക്കാര്‍ക്ക് തന്റെ ഓഫിസ് സന്ദര്‍ശിച്ച് പുതിയ സൊസൈറ്റിയിലേക്ക് അംഗത്വം മാറ്റാമെന്നും ഗെയ്ക്വാദ് പറഞ്ഞു.
എന്നാല്‍, കബളിപ്പിക്കുകയാണെന്ന് മനസ്സിലാക്കിയ പരാതിക്കാര്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് ഗെയ്ക്വാദിന് കത്തെഴുതി. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. ലാന്‍ഡ് പൂളിങ് പോളിസിക്ക് കീഴിലുള്ള ഏതെങ്കിലും ഭവന പദ്ധതിക്ക് ലൈസന്‍സോ അനുമതിയോ നല്‍കിയിട്ടില്ലെന്ന് ഡിഡിഎ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. സൊസൈറ്റി റജിസ്റ്റര്‍ ചെയ്യുകയോ റജിസ്‌ട്രേഷനായി അപേക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റും (ആര്‍ഇആര്‍ഇ - ഡല്‍ഹി) സ്ഥിരീകരിച്ചു. സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് 11 കോടിയിലധികം രൂപ അംഗങ്ങളില്‍ നിന്ന് ഗെയ്ക്വാദ് കൈപ്പറ്റിയതായും ഈ പണം പിന്‍വലിക്കുകയോ മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തതായും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























