അയോധ്യ ശ്രീരാമക്ഷേത്രത്തിൽ പല്ലക്ക് ഉത്സവം, പഞ്ചവാദ്യ അകമ്പടിക്കായി എത്തിയത് കേരളത്തിൽ നിന്നുള്ള പന്ത്രണ്ടംഗ സംഘം

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. രണ്ടാഴ്ച്ചയോട് അടുക്കുമ്പോൾ അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ പ്രധാനപ്പെട്ട പല്ലക്ക് ഉത്സവം നടക്കുകയാണ്. ഇതിനോട് അനുബന്ധിച്ചുള്ള പഞ്ചവാദ്യ അകമ്പടിയുമായി കേരളത്തിൽ നിന്ന് പന്ത്രണ്ടംഗ സംഘമാണ് എത്തിയത്. ഒരു മാസത്തിലധികം നീണ്ടുനിക്കുന്ന പല്ലക്ക് ഉത്സവത്തില്‍ എല്ലാ ദിവസവും ഇവരുടെ പഞ്ചവാദ്യമുണ്ടാകും.
രാമജന്മഭൂമി ട്രസ്റ്റിയും ഉടുപ്പി പേജാവര്‍ മഠാധിപതിയുമായ വിശ്വ പ്രസന്ന തീര്‍ഥ സ്വാമിയുടെ ക്ഷണത്തിലാണ് കേരള സംഘം അയോധ്യയിലെത്തിയത്. സംഘത്തില്‍ കാഞ്ഞങ്ങാട്ടെ മഡിയന്‍ രാധാകൃഷ്ണ മാരാര്‍, തിരുവമ്പാടി വിനീഷ് മാരാര്‍, കലാമണ്ഡലം രാഹുല്‍ നമ്പീശന്‍, പട്ടാമ്പി പള്ളിപ്പുറത്തെ കെ.ജി. ഗോവിന്ദരാജ്, സേതുമാധവന്‍, സുരേഷ്ബാബു, ശശികുമാര്‍, പ്രദീപ്, പയ്യന്നൂരിലെ ടി.ടി.വി. രതീഷ്, കെ.വി. ബാബുരാജ്, വാണിയങ്കുളം വിനോദ്, ശ്രീരാഗ് കാഞ്ഞങ്ങാട് എന്നിവരാണ് ഉള്ളത്.
എല്ലാ വര്‍ഷവും മഡിയന്‍ രാധാകൃഷ്ണമാരാരും സംഘവും ഉഡുപ്പിയില്‍ പഞ്ചവാദ്യം അവതരിപ്പിക്കാറുണ്ട്. ഈ ബന്ധത്തിലൂടെയാണ് അയോധ്യയിലെ തിരുനടയില്‍ പഞ്ചവാദ്യം അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചതെന്ന് രാധാകൃഷ്ണ മാരാര്‍ പറഞ്ഞു.
അതേസമയം പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന് 11 കോടിയോളം രൂപ സംഭാവന ലഭിച്ചെന്നാണ് റിപ്പോർട്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷമുള്ള 11 ദിവസത്തെ ക്ഷേത്ര വരുമാനം രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് പുറത്ത് വിട്ടത്. ക്ഷേത്ര ഭണ്ഡാരങ്ങൾ വഴി എട്ട് കോടിയോളം രൂപ നേരിട്ടും 3.50 കോടി രൂപ ഓൺലൈനായും ലഭിച്ചെന്നാണ് വിവരം. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം 25 ലക്ഷത്തോളം പേർ ക്ഷേത്ര ദർശനം നടത്തിയതായും ട്രസ്റ്റ് അറിയിച്ചു.
https://www.facebook.com/Malayalivartha






















