സംസ്ഥാനത്തെ 21 ലക്ഷം വരുന്ന തൊഴിലാളികള്‍ക്ക് ഫെബ്രുവരി 21നകം മുടങ്ങിക്കിടക്കുന്ന വേതനം സര്‍ക്കാര്‍ നല്‍കുമെന്ന് മമത ബാനര്‍ജി

കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്തെ 21 ലക്ഷം വരുന്ന എംജിഎന്‍ആര്‍ഇജിഎ (മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ട്) തൊഴിലാളികള്‍ക്ക് ഫെബ്രുവരി 21നകം മുടങ്ങിക്കിടക്കുന്ന വേതനം സര്‍ക്കാര്‍ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 'കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ വേതനം നല്‍കാത്ത 21 ലക്ഷം എംജിഎന്‍ആര്‍ഇജിഎ തൊഴിലാളികളുടെ കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ നല്‍കും. അവരുടെ വേതനം ഫെബ്രുവരി 21നകം അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തും,' മമത പറഞ്ഞു. വിവിധ ക്ഷേമ പദ്ധതികള്‍ക്കായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നടത്തിയ രണ്ട് ദിവസത്തെ സമര പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലെ കാലതാമസം സംബന്ധിച്ച കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് നിരാകരിച്ച് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. തെറ്റായ റിപ്പോര്‍ട്ട് ഒരു തെറ്റിദ്ധാരണാജനകമായ ചിത്രം സൃഷ്ടിക്കുമെന്നും സംസ്ഥാന ഭരണസംവിധാനത്തിനെതിരെ തെറ്റായ പ്രചാരണം നടത്താന്‍ ചിലര്‍ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിരുന്നു. 2002-03 മുതല്‍ 2020-21 വരെ 2,29,099 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതില്‍ കാലതാമസം ഉണ്ടായതായി 2020-21 ലെ സിഎജിയുടെ സംസ്ഥാന ധനകാര്യ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് കൃത്യസമയത്ത് സമര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയും മറ്റ് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്നും കൂടിക്കാഴിചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിഷേധത്തിന് ഒരു ദിവസം മുമ്പായിരുന്നു ഷായുമായുള്ള കൂടിക്കാഴ്ച്ച. പശ്ചിമ ബംഗാളിന് നല്‍കാനുള്ള പണം അനുവദിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഷായുമായി വിശദമായ ചര്‍ച്ച നടത്തിയതായി ഗവര്‍ണര്‍ ബോസ് അറിയിച്ചു.
https://www.facebook.com/Malayalivartha





















