രാഹുല്‍ ജയിച്ചു പ്രധാനമന്ത്രി തോറ്റു, അവസാനം ശുദ്ധ വിവരക്കേട് വലിച്ചെറിഞ്ഞു... കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയും തള്ളിയതോടെ വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിച്ചു
02 OCTOBER 2013 03:54 AM IST

മലയാളി വാര്‍ത്ത.
കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ പിന്‍വലിച്ചു.
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗമാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ യുപിഎ ഘടകകക്ഷികളെക്കൂടി വിശ്വാസത്തിലെടുത്തുവേണം അന്തിമ തീരുമാനമെടുക്കാനെന്നാണ് കോര്‍ കമ്മിറ്റിയിലുയര്‍ന്ന പൊതു അഭിപ്രായം. ഇന്നു വൈകീട്ട് ചേരുന്ന മന്ത്രിസഭാ യോഗത്തിനുശേഷമായിരിക്കും തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
നേരത്തെ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി അയച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ മന്ത്രിമാരെ വിളിച്ചുവരുത്തി രാഷ്‌ട്രപതി വിശദീകരണവും തേടി. ഇതിനു പിന്നാലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഓര്‍ഡിനന്‍സിനെതിരെ രംഗത്തു വരുകയുണ്ടായി. ഓര്‍ഡിനന്‍സിനെതിരെ ശക്തമായ ഭാഷയിലാണ് രാഹുല്‍ പ്രതികരിച്ചത്. ഓര്‍ഡിനന്‍സ് വിവരക്കേടാണെന്നും അത് വലിച്ചുകീറി എറിയണമെന്നും രാഹുല്‍ തുറന്നടിച്ചു.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ വിമര്‍ശനം ഉന്നയിച്ച രാഹുലിനെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്നലെ പരസ്യമായി നീരസം പ്രകടിപ്പിച്ചിരുന്നു. കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്. രണ്ടുതവണ ചര്‍ച്ചചെയ്‌താണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് തയ്യാറാക്കിയതെന്നും, രാഹുലിന്റെ മനസില്‍ എന്താണെന്ന് അറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആളുകളുടെ വായ മൂടിക്കെട്ടാന്‍ സാധിക്കില്ല. ജീവിതത്തില്‍ ഉയര്‍ച്ച താഴ്‌ചകള്‍ കണ്ടിട്ടുള്ള തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നിരാശപ്പെടുത്തില്ല. കൂടാതെ ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമല്ലെന്നും പ്രധാനമന്ത്രി തിരിച്ചടിച്ചു.
രാഹുലിന്റെ പ്രസ്‌താവനക്കെതിരെ പ്രധാനമന്ത്രി രംഗത്തെത്തിയതോടെ രംഗം വഷളാകുമെന്ന സ്ഥിതി വന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ നടന്ന കൂടിക്കാഴ്‌ചക്കു ശേഷമാണ് കോര്‍കമ്മിറ്റി ചേരാനും, മന്ത്രിസഭായോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനമായത്.
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ വിധിക്കപ്പെട്ട ജനപ്രതിനിധികളുടെ അംഗത്വം നഷ്ടപ്പെടും എന്നാണ് സുപ്രീംകോടതി വിധിച്ചത്. അപ്പീല്‍ കൊടുക്കുന്നതുവരെ അയോഗ്യത ഇല്ലെന്ന ജനപ്രാതിനിധ്യ നിയമവ്യവസ്ഥ റദ്ദാക്കിക്കൊണ്ടായിരുന്നു വിധി. ഇതിനെതിരെ ഓര്‍ഡിനന്‍സിനൊരുങ്ങിയ യു.പി.എ സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സിനെതിരെ രാഷ്ട്രപതി തന്റെ അതൃപ്‌തി അറിയിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയായിരുന്നു. ഇതിനു ശേഷമാണ് രാഹുലിന്റെ പ്രസ്‌താവനയും ഉണ്ടായത്.