പാക് അധീന കശ്‌മീരിന് പ്രത്യേക ലോക്‌സഭാ സീറ്റ്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

പാക് അധീന കശ്‌മീരിന് പ്രത്യേക ലോക്‌സഭാ സീറ്റ് അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രമങ്ങള്‍ ആരംഭിച്ചു. ഭരണഘടനയുടെ 81-ാം അനുഛേദം ഭേദഗതി ചെയ്യുന്നതാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിനുള്ള ചര്‍ച്ചകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടത്തി വരികയാണ്.
മറ്റൊരു രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ ഇന്ത്യന്‍ ഭരണഘടനയുടെ 81-ാം വകുപ്പനുസരിച്ച് സാധ്യമല്ല. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ തീരുമാനം പാക് അധീന കശ്‌മീരിന്‍മേലുള്ള ഇന്ത്യയുടെ അവകാശ വാദങ്ങള്‍ക്ക് ശക്തി പകരുന്നതാണ്.
കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ആര്‍.കെ ശ്രീവാസ്‌തവയാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ തയ്യാറാക്കി ആഭ്യന്തര മന്ത്രിയ്‌ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
ജമ്മു-കശ്മീര്‍ നിയമസഭയില്‍ ഇപ്പോള്‍ 24 സീറ്റുകള്‍ പാക് അധിനിവേശ കശ്മീരിനായി നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രദേശം പാക്കിസ്ഥാന്റെ കീഴിലായതിനാല്‍ ഈ സീറ്റുകള്‍ സാങ്കല്‍പ്പികമായി മാത്രമാണ് നിലനില്‍ക്കുന്നത്. നിയമസഭയിലെ മൊത്തം അംഗസംഖ്യയെ സൂചിപ്പിക്കുമ്പോള്‍ ഈ സീറ്റുകള്‍ കണക്കിലെടുക്കാറുമില്ല.
https://www.facebook.com/Malayalivartha