കല്‍ക്കരിപ്പാടം അഴിമതി; ബിര്‍ള ഗ്രൂപ്പ് ചെയര്‍മാനെതിരെ സി.ബി.ഐ കേസെടുത്തു

ലേലത്തിലൂടെയല്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ സ്വന്തമാക്കിയതിന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര മംഗലം ബിര്‍ളക്കെതിരെ സി.ബി.ഐ കേസെടുത്തു. കല്‍ക്കരി മന്ത്രാലയം മുന്‍സെക്രട്ടറി പി.സി.പരേഖിനെതിരേയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്. ഇതുകൂടാതെ ഡല്‍ഹിയിലും, കൊല്‍ക്കത്തയിലും ഭുവനേശ്വറിലും മുംബൈയിലും സി.ബി.ഐ റെയ്‌ഡ് നടത്തുകയാണ്.
വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ബിര്‍ളക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിര്‍ളയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് സി.ബി.ഐ വ്യക്തമാക്കി. കല്‍ക്കരിപാടം അഴിമതിയുമായി ബന്ധപ്പെട്ട് 14 എഫ്.ഐ.ആറുകളാണ് സി.ബി.ഐ ഫയല്‍ ചെയ്‌തിരിക്കുന്നത്. ഇതില്‍ പതിനാലാമത്തെ എഫ്.ഐ.ആറിലാണ് ബിര്‍ളക്കെതിരെ കേസ് ഫയല്‍ ചെയ്‌തിരിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രി ദാസരി നാരായണ റാവു, കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്‍ഡാല്‍ എന്നിവരേയും സി.ബി.ഐ കേസില്‍ പ്രതിചേര്‍ത്തിരുന്നു. കല്‍ക്കരി ഇടപാടില്‍ 1.86 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി എന്നാണ് സി.ഐ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
2006-2009 വര്‍ഷത്തെ കല്‍ക്കരി ഇടപാടില്‍ അഴിമതി നടന്നെന്നാണ് കണ്ടെത്തല്‍.
https://www.facebook.com/Malayalivartha