സുശാന്ത് സിങിന്റെ മരണം; തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരിക്കാമെന്ന് മുന്‍ ബിഹാര്‍ ഡിജിപി

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരിക്കാമെന്ന് മുന്‍ ബിഹാര്‍ ഡിജിപി. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് മുംബൈ പോലീസിനെ വിമര്‍ശിച്ച് മുന്‍ ബിഹാര്‍ ഡി.ജി.പി ഗുപ്തേശ്വര്‍ പാണ്ഡെ രംഗത്ത് എത്തിയത്. മുംബൈ പോലീസിന്റെ നടപടികള്‍ ജനങ്ങളുടെ മനസ്സില്‍ സംശയം ഉണര്‍ത്തുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, സി.ബി.ഐയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറയാന്‍ തയ്യാറായില്ല. സിബിഐ ഒരു പ്രൊഫഷണല്‍ ഏജന്‍സിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നടന്റെ മരണത്തെക്കുറിച്ചുള്ള ആദ്യഘട്ട അന്വേഷണത്തെ കുറിച്ചും പാണ്ഡെ പറഞ്ഞു, 'ബിഹാര്‍ പോലീസ് ഒരു അന്വേഷണ സംഘത്തെ അയച്ചെങ്കിലും മുംബൈ പോലീസ് സഹകരിച്ചില്ല. അന്വേഷണത്തിന്റെ ഏകോപനത്തിനായി അയച്ച ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥനെ ക്വാറന്റൈനില്‍ ആക്കി, അഞ്ച് ദിവസത്തിന് ശേഷം ബിഹാര്‍ പോലീസിനെ തിരികെ വിളിച്ചു.' അദ്ദേഹം പറയുന്നു.
സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, ദുരൂഹതയുള്ളതിനാല്‍ കൃത്യമായ അന്വേഷണം വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
'എന്തായാലും സി.ബി.ഐ കേസ് ഏറ്റെടുത്തു, വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്ക് ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ താല്‍പ്പര്യമില്ല. സി.ബി.ഐ ആണ് ഈ കേസ് അന്വേഷിച്ചത്, എനിക്ക് അതിനുള്ള അവസരം ലഭിച്ചില്ല. എന്റെ സംഘത്തെ അഞ്ച് ദിവസത്തിന് ശേഷം മുംബൈയില്‍ നിന്ന് തിരികെ വിളിക്കേണ്ടി വന്നു. ബിഹാര്‍ പോലീസിന് കേസ് അന്വേഷിക്കാന്‍ പോലും സാധ്യമായില്ല'- പാണ്ഡെ കൂട്ടിച്ചേര്‍ത്തു.
സി.ബി.ഐക്ക് എല്ലാ തെളിവുകളും കിട്ടിയിട്ടുണ്ടാവില്ലെന്നും ചില തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരിക്കാമെന്നും പാണ്ഡെ പറഞ്ഞു. 2020 ജൂണ്‍ 14-നാണ് ബാന്ദ്രയിലെ സ്വന്തം വസതിയില്‍ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കേസ് ആദ്യം മുംബൈ പോലീസാണ് അന്വേഷിച്ചത്. കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുത്തു.ശ്വാസം മുട്ടിയാണ് മരണപ്പെട്ടത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് കൊലപാതകമാണെന്ന സംശയം വ്യാപകമായിരുന്നു.
https://www.facebook.com/Malayalivartha