ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പുലര്‍ച്ചെ വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പോയ 15കാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടിയിലെ കുവെട്ട് ഗ്രാമത്തിലാണ് സംഭവം നടന്നത്. സുബ്രഹ്മണ്യ നായിക്കിന്റെ മകന്‍ സുമന്ത് (15) ആണ് മരിച്ചത്. കുട്ടിയെ പുലി ആക്രമിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. ഗ്രാമത്തില്‍ പുലിയുടെ സാന്നിദ്ധ്യം നേരത്തെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് പുലിയുടെ ആക്രമണമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
നള ക്ഷേത്രത്തിലെ ധനുമാസ പൂജകള്‍ക്കായി വീടിന് സമീപമുള്ള സുഹൃത്തുക്കള്‍ക്കൊപ്പം പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു സുമന്ത്. ധനുമാസ പൂജയ്ക്കായി പോകുമ്പോള്‍ കുട്ടിക്കൊപ്പം മറ്റ് രണ്ട് ആണ്‍കുട്ടികളും സ്ഥിരമായി ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ അന്നേദിവസം സുമന്തിനെ കണ്ടിരുന്നില്ല. പുലര്‍ച്ചെ നാല് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും സുമന്ത് ഇവരുടെ അടുത്തേക്ക് എത്തിയില്ല. കാണാതായപ്പോള്‍ സുമന്ത് വരില്ലെന്ന് കരുതി മറ്റ് കുട്ടികള്‍ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു.
പിന്നീട് കുട്ടികള്‍ക്ക് സംശയം തോന്നി സുമന്തിന്റെ കുടുംബത്തെ വിളിച്ചപ്പോള്‍ അതിരാവിലെ ക്ഷേത്രത്തിലേക്ക് പോയതായി വിവരം ലഭിച്ചു. സുമന്ത് ക്ഷേത്രത്തില്‍ എത്തിയിട്ടില്ലെന്ന് അറിഞ്ഞ കുടുംബം പരിഭ്രാന്തരായി നാട്ടുകാരെ വിവരമറിയിച്ചു. സുമന്ത് പതിവായി പോകുന്ന വഴിയിലെ കുളത്തിന് സമീപം രക്തക്കറകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ്, വനം വകുപ്പ്, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ്, നാട്ടുകാര്‍ എന്നിവര്‍ തിരച്ചില്‍ നടത്തി. രാവിലെ 11.30 ഓടെ സുമന്തിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കെസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha


























