ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം

കലാപത്തില്‍ ഇറാനില്‍ മരണസംഖ്യ 2500 കവിഞ്ഞുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഈ സാഹചര്യത്തില്‍ ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് എംബസി. യാത്രാരേഖകള്‍ തയ്യാറാക്കി ഇറാന്‍ വിടാനാണ് എംബസി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇറാനില്‍ പ്രതിഷേധം ശക്തമാകുകയും മരണസംഖ്യ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എംബസിയുടെ നിര്‍ദേശം.
സ്ഥിതിഗതികള്‍ ഉടനെ ശാന്തമാകില്ലെന്ന തിരിച്ചറിവിലാണ് ഇന്ത്യക്കാര്‍ക്ക് എംബസിയുടെ പ്രത്യേക നിര്‍ദേശം എത്തിയിരിക്കുന്നത്. അതീവ ജാഗ്രത പുലര്‍ത്താനും പ്രതിഷേധ സ്ഥലങ്ങള്‍ ഒഴിവാക്കാനും ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്താനും യാത്രാ തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കാനും പ്രാദേശിക സംഭവങ്ങള്‍ നിരീക്ഷിക്കാനും എംബസി ഇന്ത്യന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടു. എംബസിയുമായി രജിസ്റ്റര്‍ ചെയ്യാത്തവരോട് എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശമുണ്ട്.
വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍, വ്യാപാരികള്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരോടും നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച്, വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ രാജ്യം വിടാനാണ് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രക്ഷോഭകാരികള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. ഇതോടെയാണ് ഇന്ത്യക്കാരോട് രാജ്യം വിടാനുള്ള അടിയന്തര നിര്‍ദേശം കൈമാറിയിരിക്കുന്നത്.
പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറരുതെന്നും അമേരിക്കയുടെ സഹായം വൈകാതെ ഇറാനില്‍ എത്തുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. രാജ്യത്തെ പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിച്ച് ഇറാനെ അസ്ഥിരപ്പെടുത്താനാണ് അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നതെന്ന് ഇറാന്‍ നേരത്തെ ആരോപിച്ചിരുന്നു. പ്രതിഷേധക്കാരെ ഭീകരവാദികള്‍ എന്ന് അഭിസംബോധന ചെയ്ത ഉദ്യോഗസ്ഥര്‍, ഇറാനില്‍ പ്രക്ഷോഭത്തെത്തുടര്‍ന്നുണ്ടായ മരണങ്ങളുടെ ഉത്തരവാദികള്‍ 'തീവ്രവാദികള്‍' ആണെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.
https://www.facebook.com/Malayalivartha


























