പരാതിക്കാർ രാഹുലിനെ കണ്ട് ഭ്രമിച്ചവരെന്ന് പ്രതിഭാഗം....കാനഡയിലുള്ള അതിജീവതയെ പ്രതി എങ്ങനെ ഭീഷണിപ്പെടുത്തുമെന്ന് കോടതി...ആദ്യം സന്ദേശം അയച്ചത് യുവതിയെന്ന് പ്രതിഭാഗം..വാദങ്ങൾ ഇങ്ങനെ

പരാതി നൽകാൻ വൈകിയെന്നും അറസ്റ്റിന്റെ കാര്യത്തിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും നിരീക്ഷിച്ച കോടതി ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചു. രാഹുലിനെതിരായ മൂന്നാമത്തെ പീഡനക്കേസിലാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കാനഡയിലുള്ള അതിജീവതയെ പ്രതി എങ്ങനെ ഭീഷണിപ്പെടുത്തുമെന്നും വിധിയിൽ പറയുന്നുണ്ട്. ബന്ധം പരസ്പര സമ്മതത്തോടെയെന്നു തെളിയിക്കുന്ന ശബ്ദരേഖ പ്രതിഭാഗം ഹാജരാക്കിയിരുന്നു. യുവതിയുടെ മാത്രം ശബ്ദമുള്ള പെൻഡ്രൈവാണ് പ്രതിഭാഗം ഹാജരാക്കിയത്. ആരുടെയും സമ്മർദമില്ലാത്ത രീതിയിലാണ് പെൻഡ്രൈവിലെ യുവതിയുടെ ശബ്ദരേഖ കേൾക്കുന്നതെന്ന നിരീക്ഷണവും കോടതി നടത്തി. എന്നാൽ ഇത് അതിജീവിതയുടെ ശബ്ദമാണെന്ന സ്ഥിരീകരണം കോടതി നടത്തിയില്ല.
∙ വിവാഹ വാഗ്ദാനം എങ്ങനെ നൽകുമെന്ന് കോടതിഅന്വേഷണം പൂർത്തിയാകും വരെ റിമാൻഡ് തുടരേണ്ട സാഹചര്യമില്ലെന്നും കുറ്റാരോപിതൻ ജാമ്യത്തിലായാലും അന്വേഷണം പൂർത്തിയാക്കാമെന്നും വിലയിരുത്തിയാണു ജാമ്യം അനുവദിച്ചത്. തെളിവു ശേഖരണത്തിനു മതിയായ സമയം ലഭിച്ചെന്നും ഉത്തരവിലുണ്ട്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, അന്തിമ റിപ്പോർട്ട് സമർപ്പിക്കും വരെ 3 മാസം എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, വിളിപ്പിച്ചാൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, പരാതിക്കാരിയെ നേരിട്ടോ സമൂഹമാധ്യമത്തിലൂടെയോ ഭീഷണിപ്പെടുത്താൻ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ജാമ്യ ഉത്തരവിലുള്ളത്.
തിരുവല്ലയിലെ ഹോട്ടൽ മുറിയിലെ പീഡനം കഴിഞ്ഞ് പരാതി നൽകാൻ വൈകിയെന്ന് ഉത്തരവിൽ പറയുന്നു. കേസിന് ആസ്പദമായ സംഭവം കഴിഞ്ഞും പരാതിക്കാരിയും പ്രതിയും നല്ല ബന്ധത്തിലായിരുന്നു. വിവാഹിതയായിരിക്കുന്ന വ്യക്തിക്ക് എങ്ങനെ വിവാഹ വാഗ്ദാനം നൽകാൻ കഴിയുമെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. പാലക്കാട് ഒന്നിച്ച് ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ച കാര്യം വിധിയിൽ ചൂണ്ടിക്കാട്ടി. കേസിൽ നേരിട്ടുള്ള സാക്ഷികളില്ല. പ്രതിക്കെതിരെ മറ്റ് പരാതികൾ ഉയർന്നപ്പോഴാണ് പരാതിക്കാരി രംഗത്തെത്തുന്നത്.
ഗർഭിണിയാണെന്നു മനസ്സിലാക്കിയ ശേഷവും പരാതിക്കാരി രാഹുലിന് പണം അയച്ചു. ഈ സമയത്തും രാഹുലുമായി നല്ല ബന്ധം തുടർന്നതിനു തെളിവായി ഫോൺ സന്ദേശങ്ങൾ ഉൾപ്പെടെ പ്രതിഭാഗം ഹാജരാക്കി. പീഡനക്കേസുകളിൽ പല കാരണങ്ങൾ കൊണ്ട് വിവരം പൊലീസിനെ അറിയിക്കാൻ വൈകാറുണ്ട്. എന്നാൽ ഈ കേസിൽ ഒരു വർഷവും 9 മാസവും പരാതി നൽകാൻ വൈകിയതിനു കൃത്യമായ വിശദീകരണം നൽകാൻ പരാതിക്കാരിക്കു കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.
∙ നിരന്തരം കുറ്റങ്ങളിൽ ഏർപ്പെടുന്നെന്ന് പ്രോസിക്യൂഷൻ
രാഹുൽ അന്വേഷണത്തോട് നിസ്സഹകരിക്കുന്ന കാര്യമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. മൊഴിപ്പകർപ്പ് പരാതിക്കാരി ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി തപാൽ വഴി എസ്ഐടിക്ക് അയച്ചെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. നിരന്തരമായി സമാനകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടയാളാണെന്നും പുറത്തിറങ്ങിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും വാദമുണ്ടായി. രാജ്യത്തിനു പുറത്തും പ്രതിക്ക് ബന്ധങ്ങളുണ്ട്. പ്രോസിക്യൂഷന്റെ ഈ വാദങ്ങൾ തള്ളിയാണ് ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യം ലഭിച്ചത്.
∙ ആദ്യം സന്ദേശം അയച്ചത് യുവതിയെന്ന് പ്രതിഭാഗം
ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നാണ് പ്രതിഭാഗം പ്രധാനമായി വാദിച്ചത്. അതിലെ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പരാതിക്കു കാരണം. പരാതിക്കാരി വിവാഹിതയാണെന്നും രാഹുലിന് ആദ്യം സന്ദേശം അയച്ച് പരിചയപ്പെട്ടത് യുവതിയാണെന്നും പരാതി അടിസ്ഥാനമാക്കി പ്രതിഭാഗം വാദിച്ചു. വിവാഹിതയായ പരാതിക്കാരി അതേസമയം തന്നെ രാഹുലുമായി ബന്ധം സ്ഥാപിച്ചു. ഗർഭാവസ്ഥയിലുണ്ടായ ശാരീരിക പ്രയാസങ്ങൾ മറച്ചു വച്ച് ഭർത്താവിനോട് പരാതിക്കാരി കളവു പറഞ്ഞു. രാഹുലിനെ രക്ഷിക്കാനാണ് അന്ന് യുവതി ശ്രമിച്ചത്.
രാഹുലിന്റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന വാദം തെറ്റാണെന്ന് ഇതിലൂടെ തെളിഞ്ഞു. രാഹുലിനെ കണ്ട് ഭ്രമിച്ചവരാണു പരാതിക്കാരെന്നും പ്രതിഭാഗം വാദിച്ചു. പീഡനമല്ല അവിഹിത ബന്ധമാണുണ്ടായതെന്നാണ് വിശദമായ വാദത്തിൽ പ്രതിഭാഗം പറഞ്ഞത്. കേസെടുത്തത് നിയമവിരുദ്ധമാണ്. നടപടി കൈകാര്യം ചെയ്തതിലും മൊഴിയെടുപ്പിലും വീഴ്ചയുണ്ടായി. പരാതി നൽകി 3 ദിവസത്തിനകം പരാതിക്കാരി നേരിട്ട് ഹാജരായി ഒപ്പിടണമെന്ന നിബന്ധന പാലിച്ചില്ലെന്നും ആരോപണമുണ്ടായി.
∙ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചുഈ മാസം 11നാണു രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 18 ദിവസമാണു രാഹുൽ ജയിലിൽ കഴിഞ്ഞത് പ്രതിയുടെ മൊബൈൽ ഫൊറൻസിക് പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്. ഈ വർഷം ജനുവരി 8ന് ഓൺലൈനായി മൊഴി രേഖപ്പെടുത്തി ജനുവരി 9നാണു തിരുവനന്തപുരത്ത് പരാതി സ്വീകരിക്കുന്നത്. മാവേലിക്കര സബ് ജയിലിലാണു രാഹുൽ 18 ദിവസം റിമാൻഡിൽ കഴിഞ്ഞത്. ഇതേ കേസിൽ നേരത്തെ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണു പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിച്ചത്. 2024 ഏപ്രിലിൽ തിരുവല്ലയിലെ ഒരു ഹോട്ടൽ മുറിയിൽ പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണു കേസ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതിക്കാരി പൊലീസിൽ വിശദമായ പരാതി നൽകിയിരുന്നു.
https://www.facebook.com/Malayalivartha

























