സിൽവർ ലൈൻ ഉപേക്ഷിച്ചു; അതിവേഗ റെയില്‍പാത നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

സിൽവർ ലൈൻ ഉപേക്ഷിച്ച് സംസ്ഥാനത്തു പുതിയ അതിവേഗ റെയിൽപാത നടപ്പാക്കാൻ സർക്കാർ. തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിൽ റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. ഇ.ശ്രീധരന്റെ നേതൃത്വത്തിൽ സിൽവർ ലൈനിനു ബദലായി അതിവേഗ റെയിൽപാതയ്ക്കു ഡിപിആർ തയാറാക്കാൻ കേന്ദ്രം അനുമതി നൽകിയതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരും പുതിയ സ്റ്റാൻഡേഡ് ഗേജ് റെയിൽ ലൈൻ നടപ്പാക്കാൻ തീരുമാനിച്ചത്.
മണിക്കൂറിൽ 160-180 കിലോമീറ്റർ വരെ വേഗതയുള്ള പദ്ധതിക്കായി സംസ്ഥാനത്തിന്റെ താൽപര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് കത്ത് അയയ്ക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കുവാൻ ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. കേന്ദ്ര സർക്കാരുമായി ചർച്ചകൾക്കു ശേഷം, കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ധാരണാ പത്രത്തിൽ ഏർപ്പെടും. പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങൾ, വായ്പാ സ്രോതസുകൾ എന്നിവ സംബന്ധിച്ച അന്തിമ അനുമതി നൽകുന്നതിനു ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കും.
സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി പരിരക്ഷ ആവശ്യമായ ഭൂപ്രകൃതിയും കണക്കിലെടുത്ത്, തറനിരപ്പിൽ കൂടെയുള്ള മോഡലിന് പകരം തൂണുകൾ വഴിയുള്ള മോഡലാണ് സ്വീകരിക്കുന്നത്. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളിൽ കൂടെയും, ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം എംബാങ്ക്‌മെന്റ്, ടണൽ എന്നിവയിലൂടെയും ആയിരിക്കും.
https://www.facebook.com/Malayalivartha

























