ബി.എസ്.പി എംപിയുടെ മരുമകള്‍ വെടിയേറ്റ് മരിച്ച നിലയില്‍

ബി.എസ്.പി എംപിയുടെ മരുമകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ നേതാവും രാജ്യസഭാ എം.പിയുമായ നരേന്ദ്ര കശ്യപിന്റെ മരുമകളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ വെടിയേറ്റ നിലയിലായിരുന്നു മരുമകളായ ഹിമാനി കശ്യപിനെ കണ്ടെത്തിയത്.
ഗാസിയാബാദിലെ കവി നഗറിലുള്ള സഞ്ജയ് നഗറിലെ വീട്ടിലെ കുളിമുറിയിലാണ് വെടിയേറ്റ നിലയില്‍ ഹിമാനിയെ കണ്ടെത്തിയത്. നരേന്ദ്ര കശ്യപിന്റെ മൂത്തമകന്‍ സാഗറുമായി രണ്ടു വര്‍ഷം മുമ്പാണ് ഹിമാനി വിവാഹിതയായത്. ഇവര്‍ക്ക് ഒരു വയസ്സുള്ള മകനുണ്ട്. സാഗറിന്റെ പേരില്‍ ലൈസന്‍സുള്ള തോക്ക് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
വെടിയൊച്ച കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങള്‍ ഹിമാനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ ഇക്കാര്യം കുടുംബാംഗങ്ങള്‍ പോലീസിനെ അറിയിച്ചില്ല. ആശുപത്രി അധികൃതരില്‍ നിന്നാണ് വിവരം അറിഞ്ഞതെന്ന് പോലീസ് പറയുന്നു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കാറും സ്വര്‍ണ്ണാഭരണങ്ങളും വേണമെന്ന് ആവശ്യപ്പെട്ട് മകളെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പിതാവും ബി.എസ്.പി മുന്‍ മന്ത്രിയുമായ ഹരിലാല്‍ കശ്യപ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























