എം.എല്‍.എയായിട്ട് കല്യാണം കഴിക്കാനിരുന്ന നേതാവിന് ഇത്തവണ സീറ്റില്ല

ഇത്രയുംനാള്‍ ജയിക്കുമെന്ന പ്രതീക്ഷയെങ്കിലുമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ പ്രതീക്ഷിക്കാന്‍ കൂടി പറ്റില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ട് കല്യാണം കഴിക്കാനിരുന്ന എ.ഐ.എ.ഡി.എം.കെ നേതാവിന് ഇത്തവണ സീറ്റില്ല. കുംഭകോണം മുന്‍ എം.എല്‍.എയായിരുന്ന രാമ രാമനാഥനാണ് സീറ്റ് നിഷേധിക്കപ്പെട്ടത്. 2001 മുതല്‍ ഒരു നിയമസഭാ തെരഞ്ഞടുപ്പില്‍ വിജയിച്ചിട്ട് കല്യാണം കഴിക്കാന്‍ കാത്തിരിക്കുകയായിരുന്നു രാമനാഥന്‍. എന്നാല്‍ 2001ന് ശേഷം നടന്ന ഒരു തെരഞ്ഞെടുപ്പിലും ഇദ്ദേഹത്തിന് വിജയിക്കാനായിട്ടില്ല.
തന്റെ പാര്‍ട്ടി അധികാരത്തില്‍ വരികയും താന്‍ വിജയിക്കുകയും ചെയ്താല്‍ വിവാഹിതനാകുമെന്ന് 2001ലാണ് രാമനാഥന്‍ ആദ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ രാമനാഥന്‍ പരാജയപ്പെട്ടു. 2006ല്‍ വീണ്ടും അതേ പ്രഖ്യാപനവുമായി രാമനാഥന്‍ മത്സരത്തിനിറങ്ങി പരാജയപ്പെട്ടു. 2011ലും കല്യാണം കഴിക്കാനാകുമെന്ന പ്രതീക്ഷയില്‍ രാമനാഥന്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇത്തവണ തീര്‍ച്ചയായും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം വിവാഹം കഴിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാല്‍ അപ്പോഴാണ് സീറ്റില്ലെന്ന വാര്‍ത്ത ഇടിത്തീ പോലെ എത്തിയത്.
കരുപ്പൂരിലെ പെട്ടി കാളിയമ്മന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം പ്രചരണം തുടങ്ങാനിരിക്കെയാണ് രാമനാഥനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റിയെന്ന വാര്‍ത്ത പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് എത്തിയത്. കുംഭകോണം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എസ്. രത്‌നയാണ് രാമനാഥന് പകരം എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി. തുടര്‍ച്ചയായി പരാജയപ്പെടുന്ന സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് രാമനാഥനെ മാറ്റിയത്. ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ച് വിവാഹം കഴിക്കണമെങ്കില്‍ അഞ്ച് വര്‍ഷം കാത്തിരിക്കണമെന്ന സങ്കടത്തിലാണ് രാമനാഥന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























