രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി

എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി. ഡല്‍ഹി ഹൈക്കോടതി, ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഭീഷണിയുയര്‍ന്നത്. 'ഉച്ചയ്ക്ക് 2.11 ഡല്‍ഹി ഹൈക്കോടതിയില്‍ സ്‌ഫോടനം' എന്ന തലക്കെട്ടോടെയാണ് ഇമെയില്‍ സന്ദേശമെത്തിയത്. 'ഖാലിസ്ഥാന്‍' എന്ന പേരില്‍ വന്ന സന്ദേശത്തില്‍ മറ്റിടങ്ങളില്‍ സ്ഫോടനം നടത്തുന്നതിന്റെ പദ്ധതികളും വിവരിച്ചിട്ടുണ്ട്.
ഡല്‍ഹിയെ ഖാലിസ്ഥാനാക്കി മാറ്റുമെന്നും സന്ദേശത്തില്‍ പറയുന്നു. നാളെ ഉച്ചയ്ക്ക് 2.11 ഹൈക്കോടതിയിലും ഒരുമണിക്കൂറിനുശേഷം ജില്ലാ കോടതികളിലും സ്‌ഫോടനം നടക്കും. ഡല്‍ഹി കോടതികളിലെ കേസുകളുടെ പ്രതികരണമായാണ് സ്‌ഫോടനം. സിഖുകള്‍ക്കെതിരായ കേസുകള്‍ മാത്രമാണ് ഡല്‍ഹി കോടതികള്‍ കേള്‍ക്കുന്നത്. ഖാലിസ്ഥാന്‍ അംഗങ്ങള്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ജാംനഗര്‍ ഹൗസ്, ഝന്ദേവാലന്‍ കെട്ടിടം, സാകെത് ഓഫീസ്, ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഓഫീസ്, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ 3, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസ്, ഡല്‍ഹി മെട്രോ, അംബാലയിലേയ്ക്കുള്ള ട്രെയിനുകള്‍ എന്നിവര്‍ക്കും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച സ്ഥലങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























