ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്

പ്രകൃതിയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഹിമാലയന്‍ നദീതടങ്ങളില്‍ നടത്തുന്ന അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ക്കും വൈദ്യുതി കച്ചവട മോഹങ്ങള്‍ക്കും കനത്ത തിരിച്ചടിയായി ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം. പ്രാദേശികമായി ശക്തമായ മഴ പെയ്യാതിരുന്നിട്ടും ഭോട്ടെ കോസിയില്‍ എങ്ങനെ പ്രളയമുണ്ടായി എന്നത് ശാസ്ത്രലോകത്തെയും ഭരണാധികാരികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ടിബറ്റന്‍ അതിര്‍ത്തിയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് മഞ്ഞുമലകള്‍ ഇടിഞ്ഞുവീണതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
ആഗോളതാപനം മൂലം ഹിമാലയന്‍ പര്‍വ്വതനിരകളിലെ മഞ്ഞുമലകള്‍ അതിവേഗം ഉരുകുന്നത് ഭീഷണിയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയാണ്. 1977-നും 2010-നും ഇടയില്‍ നേപ്പാളിന് തങ്ങളുടെ ഹിമാനികളുടെ (ഏഹമരശലൃ)െ 24 ശതമാനത്തോളം നഷ്ടപ്പെട്ടതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. മഞ്ഞുരുകി രൂപപ്പെടുന്ന തടാകങ്ങള്‍ കവിഞ്ഞൊഴുകുന്നതോടെയാണ് ഗ്ലേഷ്യല്‍ ലേക്ക് ഔട്ട്ബര്‍സ്റ്റ് ഫ്‌ലഡ് ഉണ്ടാകുന്നത്. 1980-ന് ശേഷം അതിര്‍ത്തി മേഖലകളില്‍ ഇത്തരം ദുരന്തങ്ങളുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചതായി 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്' ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍, ഈ പാരിസ്ഥിതിക ആഘാതങ്ങളെ പൂര്‍ണ്ണമായി അവഗണിച്ച് ജലവൈദ്യുതി വിറ്റ് കോടികള്‍ കൊയ്യാനുള്ള സര്‍ക്കാരുകളുടെ നീക്കമാണ് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കിയത്. കോസി നദീതടത്തിലുണ്ടായ പ്രളയം നേപ്പാളിന്റെ ഊര്‍ജ്ജ മേഖലയെയും സമ്പദ്വ്യവസ്ഥയെയും പൂര്‍ണ്ണമായും തകര്‍ത്തെറിഞ്ഞു. പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന നിരവധി ജലവൈദ്യുത പദ്ധതികള്‍ തകരുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്തതോടെ 430 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ഒറ്റയടിക്ക് നിലച്ചത്. നേപ്പാളിന്റെ ആകെ ജലവൈദ്യുത ഉത്പാദന ശേഷിയുടെ 12 ശതമാനത്തിലധികമാണിത്.
നദിയിലൂടെ ഒഴുകിയെത്തിയ കൂറ്റന്‍ പാറക്കല്ലുകളും മണ്ണും ചെളിയും പവര്‍ ഹൗസുകളിലേക്കും ടര്‍ബൈനുകളിലേക്കും അടിച്ചുകയറിയാണ് കോടികളുടെ നിര്‍മ്മിതികള്‍ തകര്‍ത്തത്. നിര്‍മ്മാണത്തിലിരുന്ന പല പദ്ധതികളുടെയും യന്ത്രസാമഗ്രികള്‍ പ്രളയജലത്തില്‍ ഒലിച്ചുപോയി. വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ കാഠ്മണ്ഡു അടക്കമുള്ള നഗരങ്ങളില്‍ മണിക്കൂറുകളോളം ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലാണ് വൈദ്യുതി അതോറിറ്റി. ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും വന്‍തോതില്‍ വൈദ്യുതി കയറ്റുമതി ചെയ്യാനിരുന്ന ഘട്ടത്തിലാണ് ഈ വന്‍ തിരിച്ചടി.
ആര്‍ത്തിപൂണ്ട വികസന മോഹങ്ങള്‍ ഒരു വശത്ത് തകര്‍ന്നടിയുമ്പോള്‍, മറുവശത്ത് സാധാരണക്കാരുടെയും തീര്‍ത്ഥാടകരുടെയും പ്രതീക്ഷകളാണ് ഒലിച്ചുപോയത്. പ്രളയത്തില്‍പ്പെട്ട ഉറ്റവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതെ കാഠ്മണ്ഡുവിലും കേരളത്തിലും അടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ കണ്ണീരോടെ കാത്തിരിക്കുകയാണ്. മാനസസരോവര്‍ തീര്‍ത്ഥാടനത്തിനായി പുറപ്പെട്ട മലയാളി സംഘങ്ങളെക്കുറിച്ച് വിവരമൊന്നുമില്ലാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
'രാവിലെ എട്ടരയോടെയാണ് അവസാനമായി സംസാരിച്ചത്. അതിനുശേഷം ഫോണ്‍ കിട്ടുന്നില്ല, അതിര്‍ത്തിയില്‍ പ്രളയമാണെന്ന വാര്‍ത്ത മാത്രമാണ് കേള്‍ക്കുന്നത്,' കാണാതായ മലയാളിയുടെ ബന്ധു വിതുമ്പലോടെ പറഞ്ഞു. വിനോദസഞ്ചാരികള്‍ മാത്രമല്ല, അതിര്‍ത്തിയില്‍ കച്ചവടം നടത്തിയിരുന്ന ചെറുകിട വ്യാപാരികളും ഡ്രൈവര്‍മാരും തൊഴിലാളികളും പ്രളയത്തില്‍പ്പെട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ നെട്ടോട്ടമോടുകയാണ്.
ജീവന്‍ മാത്രം കയ്യില്‍ പിടിച്ച് ഉയര്‍ന്ന മലനിരകളിലേക്ക് ഓടിക്കയറിയവര്‍ ഭക്ഷണവും കുടിവെള്ളവുമില്ലാതെ ദുരിതത്തിലാണ്. തകര്‍ന്നടിഞ്ഞ റോഡുകളും പാലങ്ങളും കാരണം ദുരന്തഭൂമിയിലേക്ക് ആശ്വാസവുമായെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും സാധിക്കുന്നില്ല. കാണാമറയത്തേക്ക് ഒലിച്ചുപോയ പ്രിയപ്പെട്ടവരെ കാത്ത് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ബന്ധുക്കളുടെ കണ്ണീരണിഞ്ഞ നീണ്ട നിര കാണാം.
https://www.facebook.com/Malayalivartha























