മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം

സാധാരണയായി നിയമസഭാ സ്പീക്കറുടെ സീറ്റിന് സമീപം മുഖ്യമന്ത്രിക്കായി പ്രത്യേക ഇരിപ്പിടമാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ തമിഴ്‌നാട് നിയമസഭയില്‍ പതിവ് ഇരിപ്പിടത്തില്‍ നിന്നും മാറി മറ്റുമന്ത്രിമാര്‍ക്കൊപ്പം ഇരുന്ന് മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രിക്കായി പ്രത്യേകം നിശ്ചയിച്ചിരുന്ന സീറ്റില്‍ നിന്ന് മാറി മന്ത്രിമാര്‍ക്കൊപ്പമുള്ള മുന്‍നിരയിലെ സീറ്റിലാണ് വിജയ് ഇരുന്നത്. ഇന്ന് ഉച്ചകഴിഞ്ഞുള്ള നിയമസഭാ നടപടികള്‍ക്കിടെയായിരുന്നു സംഭവം.
സഭയില്‍ മുഖ്യമന്ത്രിക്കൊപ്പം മുന്‍നിരയില്‍ മന്ത്രിമാര്‍ക്കും സീറ്റുകളുണ്ടാകും. മന്ത്രിമാരുടെ സീനിയോറിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് അവരുടെ ഇരിപ്പിടക്രമം നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് സമ്മേളനത്തിനിടെ വിജയ് തന്റെ ഔദ്യോഗിക സീറ്റില്‍ നിന്ന് എഴുന്നേറ്റ് മന്ത്രിമാരായ കെ.എ സെങ്കോട്ടയ്യനും ആദവ് അര്‍ജുനനും ഇടയിലുള്ള സീറ്റിലെത്തി ഇരിക്കുകയായിരുന്നു.
നിയമസഭയിലെ വിജയ്‌യുടെ പ്രവൃത്തി സമൂഹമാദ്ധ്യമങ്ങളില്‍ പെട്ടെന്ന് ശ്രദ്ധ നേടി. മന്ത്രിമാരും എംഎല്‍എമാരും സഹപ്രവര്‍ത്തകരുമായി സംസാരിക്കാനായി ചിലപ്പോള്‍ താല്‍ക്കാലികമായി സീറ്റുകള്‍ മാറിയിരിക്കാറുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കായി പ്രത്യേകം നിശ്ചയിച്ച സീറ്റ് ഉപേക്ഷിച്ച് ഒരു മന്ത്രിയുടെ സീറ്റില്‍ ഇരിക്കുന്നത് അസാധാരണമായ നടപടിയാണെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























