ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്

പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റേതെന്ന പേരില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പുറത്തുവിട്ട ചിത്രം തെറ്റാണെന്ന് ബന്ധുക്കള്‍. പ്രചരിച്ച ചിത്രം തന്റെ ചേട്ടനായ തൃശൂര്‍ കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റേത് ആണെന്ന് സഹോദരന്‍ സുരേന്ദ്ര മേനോന്‍ പറഞ്ഞു. ദാമോദര മേനോനാണ് ചിത്രത്തിലുള്ളതെന്ന് നാട്ടുകാരും പറയുന്നു. വളരെക്കാലം മുന്‍പാണ് ദാമോദര മേനോന്‍ മലേഷ്യയിലേക്ക് പോയത്. കുടുംബം നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ചിത്രം എങ്ങനെ പ്രചരിച്ചു എന്നതില്‍ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സുകുമാര കുറുപ്പിന്റെ ചിത്രമെന്ന പേരില്‍ മുന്‍പും ചില ചിത്രങ്ങള്‍ പ്രചരിച്ചിരുന്നതായി പൊലീസ് പറയുന്നു. പുണെയിലായിരുന്നു ദാമോദര മേനോന്റെ വിദ്യാഭ്യാസം. എന്‍ജിനീയറിങ് പാസായശേഷം ലണ്ടനിലേക്ക് പോയി. തിരിച്ചു വന്നശേഷം മലേഷ്യയിലേക്ക് പോയി. വിദേശത്തു പോകാനുള്ള സര്‍ട്ടിഫിക്കറ്റ് ശരിയാക്കിയത് താനാണെന്ന് സഹോദരന്‍ പറഞ്ഞു. പാലക്കാടുനിന്നാണ് വിവാഹം കഴിച്ചത്. രണ്ട് മക്കളുണ്ട്. ഏറെക്കാലമായി നാട്ടിലെത്തിയിട്ട്. ഇടയ്ക്ക് ദാമോദര മേനോന്‍ വീണ് പരുക്കേറ്റ് കിടപ്പിലായിരുന്നു എന്നും ബന്ധുക്കള്‍ പറഞ്ഞു. ഒളിവു ജീവിതത്തിനിടെ മരിച്ചെന്ന നിഗമനത്തില്‍ കേരള പൊലീസും വിദേശത്ത് ജീവനോടെയുണ്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും പുറത്തു വന്നതോടെയാണ് ഇടവേളയ്ക്കുശേഷം സുകുമാരക്കുറുപ്പ് വാര്‍ത്തകളില്‍ നിറഞ്ഞത്. കടുത്ത ഹൃദ്രോഗബാധിതനായിരുന്ന സുകുമാരക്കുറുപ്പ് ഇത്രയുംകാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് പുതുതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍. 42 വര്‍ഷമായി വട്ടംകറക്കുന്ന കേസ്, അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം അവസാനിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് അന്വേഷണസംഘത്തില്‍ മുന്‍പ് അംഗമായിരുന്ന പൊലീസുകാരന്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സുകുമാരക്കുറുപ്പ് ബ്രൂണയ്‌യില്‍ ജീവനോടെയുണ്ടെന്നും നിര്‍മാണമേഖലയില്‍ ജോലിചെയ്യുകയാണെന്നും റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ അലി അക്ബര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിദേശത്തുള്ള ഭാര്യയുമായും മറ്റു ബന്ധുക്കളുമായും കുറുപ്പ് ബന്ധപ്പെടാറുണ്ടെന്നും അലി അക്ബര്‍ അവകാശപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























