കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...

കനകക്കുന്നിലെത്തുന്നവരുടെ മുഖം കാന്‍വാസാക്കി മാറ്റുന്ന അല്ലുമോളാണ് ഇത്തവണത്തെ ഓണം വാരാഘോഷത്തിന്‍റെ താരം. കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അല്ലുവിന്‍റെ 'ഫേസ് പെയിന്‍റിംഗി' നായി കാത്തുനില്ക്കുന്ന കാഴ്ചയാണ് കനകക്കുന്നിലിപ്പോള്‍. ഓണാഘോഷത്തിനെത്തുന്നവരുടെ മുഖത്തും കണ്ണിന്‍റെ വശങ്ങളിലും ഇഷ്ടചിത്രം വരയ്ക്കാന്‍ അല്ലുമോള്‍ തയ്യാര്‍. അലങ്കാരവിളക്കുകള്‍ തെളിയുന്നതോടെ കനകക്കുന്നില്‍ എത്തുന്ന അല്ലുമോളെ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് സന്ദര്‍ശിച്ചിരുന്നു. ഫേസ് പെയിന്‍റിഗിംനു പുറമെ കാരിക്കേച്ചറും ലൈവ് പെയിന്‍റിംഗും അല്ലുവിന് വഴങ്ങും. ഒന്നാം വയസ്സില്‍ കേള്‍വിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട അല്ലുമോളുടെ മനസ്സിലെ നിറങ്ങള്‍ക്ക് ഏഴഴകെന്ന് മറ്റുള്ളവരുടെ മുഖത്ത് വരയുന്ന ചിത്രങ്ങള്‍ തെളിവ്. ചിത്രശലഭങ്ങള്‍, ഓണത്തുമ്പി, പൂക്കള്‍ എന്നിവയുടെ ചിത്രങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെന്ന് അല്ലുമോള്‍ പറയുന്നു. 5-10 മിനിറ്റുകള്‍ക്കുള്ളില്‍ മുഖത്ത് വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ചെറിയ തുകമാത്രമാണ് ഈടാക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന തുക സന്നദ്ധ സംഘടനകള്‍ക്ക് നല്‍കുമെന്നും അല്ലുമോള്‍ പറഞ്ഞു.
ചെറുപ്പം മുതലേ ചിത്രരചനയിലുള്ള അല്ലുമോളുടെ അസാധാരണ താല്പര്യം തിരിച്ചറിഞ്ഞ അച്ഛന്‍ വി. മധുവും അമ്മ ലെനിയുമാണ് കൂടുതല്‍ ചിത്രം വരയ്ക്കാന്‍ പ്രേരണയായത്. നാലാം ക്ലാസ് മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി. എട്ടാം ക്ലാസ് വരെ സാധാരണ സ്കൂളില്‍ പഠിച്ച അല്ലുമോള്‍ പിന്നീട് സ്പെഷ്യല്‍ സ്കൂളിലാണ് പഠിച്ചത്.
ചിത്രരചനയില്‍ മാത്രമല്ല അക്കാദമിക് പഠനത്തിലും അല്ലുമോള്‍ മിടുക്കിയാണ്. പത്താംക്ലാസ്, പ്ലസ്ടു, ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സിലും മികച്ച മാര്‍ക്ക് നേടി. കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം തുടങ്ങിയ നൃത്തയിനങ്ങളിലും മികവ് തെളിയിച്ച അല്ലുമോള്‍ മേതില്‍ ദേവികയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.
പത്തനംതിട്ട ഇടയാറന്‍മുള സ്വദേശിയായ അല്ലുമോള്‍ ജില്ലാ കലോത്സവത്തിലും പഞ്ചായത്ത്- ബ്ലോക്ക് തലങ്ങളിലെ കേരളോത്സവത്തിലും പലതവണ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























