വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...

വീട്ടുപടിക്കൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചുകൊണ്ടുപോയ യുവാക്കൾ മിനിറ്റുകൾക്കകം വാഹനാപകടത്തിൽപെട്ടു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൈചൂണ്ടിമുക്കിൽ പുലർച്ചെയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദ് (19), സബീൻ (17) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നാമനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തന്റെ വണ്ടി മോഷണം പോയതും അതിൽ സഞ്ചരിച്ചവർ അപകടത്തിൽപെട്ട് മരിച്ചതുമായ വിവരങ്ങൾ പുലർച്ചെ പോലീസ് വിളിച്ചപ്പോൾ മാത്രമാണ് ബൈക്കുടമയായ പ്രമോദ് അറിയുന്നത്.
വണ്ടി അപകടത്തിൽപെട്ടുവെന്ന് പോലീസ് വിളിച്ച് പറഞ്ഞപ്പോൾ വണ്ടി മുറ്റത്തുണ്ടെന്നാണ് പ്രമോദ് ആദ്യം കരുതിയത്. എന്നാൽ പോലീസ് നിർദ്ദേശപ്രകാരം വാതിൽ തുറന്ന് നോക്കിയപ്പോഴാണ് വണ്ടി മോഷണം പോയ കാര്യം ഇദ്ദേഹം തിരിച്ചറിയുന്നത്.മണ്ണഞ്ചേരിയിലെ വീട്ടിൽ നിന്ന് മോഷണം പോയ ബൈക്ക് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള കൈചൂണ്ടിമുക്കിലെത്തിയപ്പോഴാണ് അപകടത്തിൽപെട്ടത്. അമിതവേഗതയിലെത്തിയ ബൈക്കിന് മുന്നിലേക്ക് നായ കുറുകെ ചാടിയതോടെ നിയന്ത്രണം തെറ്റി എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് മറിഞ്ഞ് റോഡിലൂടെ തീപ്പൊരി ചിതറി നീങ്ങുന്ന അപകടത്തിന്റെ ഭയാനകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























