കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍

മധ്യപ്രദേശില്‍ ചിതയില്‍നിന്ന് മൃതദേഹഭാഗങ്ങള്‍ എടുത്തു ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിനില്‍ ലേഡി അഘോരി എന്ന് സ്വയം വിളിക്കുന്ന കാളി നന്ദ് ഗിരിയെയാണ് ഉജ്ജയിന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കത്തുന്ന ചിതയില്‍നിന്ന് വാള്‍ കൊണ്ട് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കുത്തിയെടുത്ത് കാളി നന്ദ് ഗിരി ഭക്ഷിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ലേഡി അഘോരി തന്നെയാണ് വിഡിയോ പകര്‍ത്തിയതും.
ശ്മശാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന വിഷ്ണു മഹാരാജ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ശ്മശാനത്തിലേക്ക് അതിക്രമിച്ചു കയറി, സംസ്‌കാരച്ചടങ്ങുകള്‍ അലങ്കോലപ്പെടുത്തി, മൃതദേഹത്തെ അപമാനിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ലേഡി അഘോരിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
അതേസമയം, കാളി നന്ദ് ഗിരി പുരുഷനായാണ് ജനിച്ചതെന്നും അല്ലൂരി ശ്രീനിവാസ് എന്നായിരുന്നു ഇയാളുടെ യഥാര്‍ഥ പേരെന്നുമാണ് പുറത്തുവരുന്ന വിവരം. പിന്നീട് ഇവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം സ്വീകരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമാണ് ഇവര്‍. മതപരമായ സ്ഥലങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ഇവര്‍ റീല്‍സ് ചെയ്യാറുണ്ട്.
താന്ത്രിക ചടങ്ങുകളുടെ പേരില്‍ തെലങ്കാനയിലെ സ്ത്രീയില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയും ഇവര്‍ക്കെതിരെ ഉണ്ടെന്ന് ഉജ്ജയിന്‍ എസ്പി പ്രദീപ് ശര്‍മ പറഞ്ഞു. ഇവരുടെ വരുമാന സ്രോതസ്സുകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാളി നന്ദ് ഗിരിയുടെ പ്രവൃത്തിയെ ജൂന അഖാരയിലെ മഹാമണ്ഡലേശ്വര്‍ ശൈലേശാനന്ദ ഗിരി അപലപിച്ചു. ഇത്തരം പ്രവൃത്തികള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























