കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...

കടുത്ത ചൂടിലേക്ക് കടന്ന് കേരളം. കാലവർഷം ഇതുവരെ പിന്മാറിയിട്ടില്ല. എന്നാൽ മഴ ദുർബലമായതോടെയാണ് സംസ്ഥാനത്ത് ചൂട് വർദ്ധിച്ചത്. വേനൽക്കാലമാകാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ളപ്പോൾ മഴക്കാല സീസണിൽ തന്നെ ചൂട് വർദ്ധിച്ചത് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പുനലൂരിൽ താപനില 35 ഡിഗ്രി കടന്നിരിക്കുകയാണ്. മറ്റ് ജില്ലകളിലും താപനില വർദ്ധിക്കുന്നുണ്ട്.
തെക്കു പടിഞ്ഞാറൻ മൺസൂൺ ഈ മാസം പിൻവാങ്ങാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ 23 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മഴയേ ഇല്ല. ഇത്തവണ ജൂൺ ഒന്നിനു തന്നെ കാലവർഷം ആരംഭിച്ചപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. എൽനിനോ പ്രതിഭാസമാണ് വില്ലനായതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം.
ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ മഴക്കുറവ് 64 ശതമാനമാണ്. ഈ കാലയളവിൽ 76.2 മി. മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 27.4 മി. മീറ്റർ മാത്രമാണ്. ജൂൺ മുതൽ ഇതുവരെ 1769.9 മി.മീറ്റർ മഴ പ്രതീക്ഷിച്ചെങ്കിലും 1369.6 മി. മീറ്ററേ പെയ്തുള്ളൂ.
കാലവർഷം നിരാശപ്പെടുത്തി പിൻവാങ്ങാനൊരുങ്ങുമ്പോൾ പ്രതീക്ഷ തുലാവർഷത്തിലാണ്. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബർ വരെയാണ് തുലാവർഷം. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെങ്കിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടലുകളുള്ളത്
തുലാവർഷം തെക്കൻ, മദ്ധ്യകേരളത്തിലാണ് കൂടുതൽ കിട്ടാറുള്ളത്. മഴ മാറിയതോടെ വൈദ്യുതി ഉപഭോഗത്തിലും വർദ്ധന ഉണ്ടായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























